vaylaar

തിരുവനന്തപുരം: വയലാർ രാമവർമ്മ സാംസ്‌കാരിക വേദിയുടെ വയലാർ പുരസ്‌കാരം ഡോ.പുതുശേരി രാമചന്ദ്രന് നടൻ നെടുമുടി വേണു സമർപ്പിച്ചു. രോഗശയ്യയിൽ കഴിയുന്ന പുതുശേരിയുടെ വീട്ടിലെത്തിയാണ് പുരസ്‌കാരം സമർപ്പിച്ചത്. ഓർമ്മക്കുറവും ശാരീരിക അവശതയും കാരണം പുതുശേരി അവാർഡ് സ്വീകരിച്ച ശേഷം സംസാരിച്ചില്ല. ശാരീരിക അവശതയെ സൂചിപ്പിച്ച് 'കിടക്കണം' എന്ന് മാത്രം അദ്ദേഹം അവ്യക്തമായി ആവർത്തിച്ചു. മുറിയിൽ മെത്തയിൽ വിശ്രമിക്കുകയായിരുന്ന കവിയെ വീൽചെയറിൽ ഇരുത്തിയാണ് പുരസ്‌കാരം സമർപ്പിക്കാനായി വീടിന്റെ ഉമ്മറത്തേക്ക് കൊണ്ടുവന്നത്. ഹ്രസ്വമായ ചടങ്ങിനു ശേഷം അകത്തേക്കു കൊണ്ടുപോകുകയും ചെയ്തു. പുതുശേരിക്ക് അവാർഡ് സമർപ്പിക്കാനായത് തന്റെ ജന്മപുണ്യമാണെന്ന് നെടുമുടി പറഞ്ഞു. അർഹതപ്പെട്ട അംഗീകാരം ലഭിക്കാതെ എല്ലാവരാലും തമസ്‌കരിക്കപ്പെട്ട കവിയാണ് പുതുശേരി രാമചന്ദ്രൻ എന്ന് ചടങ്ങിൽ പങ്കെടുത്ത പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. വയലാർ ട്രസ്റ്റിന്റെ ഈ വർഷത്തെ അവാർഡ് നിർണയവുമായി ബന്ധപ്പെട്ട വിവാദത്തെ ഭംഗ്യന്തരേണ സൂചിപ്പിക്കുകയായിരുന്നു പന്ന്യൻ. വയലാർ രാമവർമ സാംസ്‌കാരിക വേദി പ്രസിഡന്റ് കെ.ചന്ദ്രിക അദ്ധ്യക്ഷയായി. ജൂറി ചെയർമാൻ ഡോ.എം.ആർ.തമ്പാൻ, സുദർശൻ കാർത്തികപറമ്പിൽ, വിളക്കുടി രാജേന്ദ്രൻ, ഡോ.ശ്രീവത്സൻ നമ്പൂതിരി, മണക്കാട് രാമചന്ദ്രൻ, വിനോദ് വൈശാഖി, സബീർ തിരുമല തുടങ്ങിയവർ പങ്കെടുത്തു.