തിരുവനന്തപുരം : കൃത്യമായ വിശ്രമവും മത്സരങ്ങൾക്കിടയിൽ ഇടവേളകളും നൽകാതെ കുട്ടികളെ നിർബന്ധിച്ച് കായിക മത്സരത്തിൽ പങ്കെടുപ്പിച്ചതോടെ അത്‌ലറ്റിക് താരമായ പന്ത്രണ്ടാം ക്‌ളാസ് വിദ്യാർത്ഥി ബോധരഹിതനായി വീണു. ഇന്നലെ സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന തിരുവനന്തപുരം നോർത്ത് സബ്ജില്ലാ അത്‌ലറ്റിക് മീറ്റിൽ പങ്കെടുത്ത നാലാഞ്ചിറ സെന്റ് ജോൺസ് സ്‌കൂളിലെ വിദ്യാർത്ഥി ശ്രീമുരുകനാണ് സംഘാടകരുടെ പിഴവ് കാരണം ബോധരഹിതനായി വീണത്. ഉടനെ ജനറൽ ആശുപത്രിയിലെത്തിച്ച ശ്രീമുരുകൻ ഇപ്പോഴും ചികിത്സയിലാണ് .
ഇന്നലെ രാവിലെ നടന്ന 3000 മീറ്റർ ഓട്ടത്തിൽ ശ്രീമുരുകൻ പങ്കെടുത്ത് സമ്മാനം നേടിയിരുന്നു. വൈകിട്ട് ആറുമണിക്ക് നടത്തിയ 800 മീറ്റർ ഓട്ടത്തിലും ശ്രീമുരുകൻ ഒന്നാം സമ്മാനം നേടി . എന്നാൽ ആറേകാൽ മണിക്ക് 6000 മീറ്റർ ഓട്ടം നടത്താൻ സംഘാടകർ തീരുമാനിക്കുകയും അനൗൺസ് ചെയ്യുകയും ചെയ്തു. 800 മീറ്റർ മത്സരത്തിൽ പങ്കെടുത്ത കുട്ടികൾ തന്നെ 6000 മീറ്റർ മത്സരത്തിലും പങ്കെടുക്കെണ്ടതിനാൽ ഉടനെ മത്സരം നടത്തരുതെന്ന് രക്ഷിതാക്കളും മത്സരാർത്ഥികളും സംഘാടകരോട് ആവശ്യപ്പെട്ടു. എന്നാൽ മത്സരം നടത്തിത്തീർത്ത് തങ്ങൾക്ക് പോകണമെന്ന് സംഘാടകർ നിലപാടെടുത്തതോടെ മത്സരിക്കാൻ കുട്ടികൾ നിർബന്ധിതരാകുകയായിരുന്നു . വിശ്രമമില്ലാതെ
6000 മീറ്റർ മത്സരം ഓടി പൂർത്തിയാക്കിയ ശ്രീമുരുകൻ ദേഹാസ്വാസ്ഥ്യം വന്ന് കുഴഞ്ഞു വീഴുകയായിരുന്നു. വീണുപരിക്കേറ്റ ഹോളി ഏഞ്ചൽസിലെ മറ്റൊരു വിദ്യാർത്ഥിയും ചികിത്സയിലാണ്.
സാധാരണയായി ഇത്തരം മത്സരങ്ങൾ പുലർച്ചെയാണ് നടത്താറുള്ളതെന്നും ഒരു മത്സരം നടത്തിയ ശേഷം നൽകേണ്ട വിശ്രമസമയത്തെക്കുറിച്ച് അറിയാത്ത ഒഫീഷ്യലുകളാണ് തുടർച്ചയായി മത്സരം നടത്തുന്നതെന്നും രക്ഷിതാക്കൾ പറയുന്നു. കായികാദ്ധ്യാപകൻ ചട്ടപ്പടി സമരത്തിലായതോടെ മത്സരങ്ങൾ സംഘടിപ്പിക്കാൻ അറിയാത്തവർ സംഘാടകരായതാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാൻ കാരണമെന്നും ഇവർ പറയുന്നു.