sat

ഉള്ളൂർ: എസ്.എ.ടി ആശുപത്രിയിൽ നവജാത ശിശു മരണപ്പെട്ടത് ചികിത്സാ പിഴവിനെ തുടർന്നാണെന്ന് ആരോപിച്ച് ബന്ധുക്കൾ ബഹളം വെച്ചതിനെ തുടർന്ന് സംഘർഷം. കൊട്ടാരക്കര അമ്പലപ്പുറം സജിഭവനത്തിൽ ജയന്ദ്ലാൽ - ആര്യ ദമ്പതികളുടെ കുഞ്ഞാണ് മരണപ്പെട്ടത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ നിന്നും ഇക്കഴിഞ്ഞ 21 നാണ് എസ്.എ.ടിയിൽ പ്രവേശിപ്പിച്ചത്. കുട്ടിക്ക് ശ്വാസതടസമുണ്ടാകുമെന്ന് ആശുപത്രി അധികൃതർ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് മെഡിക്കൽകോളേജിലേക്ക് മാറ്റിയത്.ഇവിടെവച്ച് രണ്ട് പ്രാവശ്യം പ്രസവവേദന ഉണ്ടായെങ്കിലും പ്രസവം നടന്നില്ല. ഇന്നലെ പകൽ ഒരു ആൺ കുഞ്ഞിന് ജന്മം കൊടുത്തെങ്കിലും ഉടൻ തന്നെകുട്ടി മരിക്കുകയായിരുന്നു.

നവജാത ശിശുവിന് അവയവങ്ങൾ വളർന്നിട്ടില്ല എന്നാണ് ആശുപത്രി അധികൃതർ ആദ്യം പറഞ്ഞത്. അതിനാൽ മരിച്ച കുഞ്ഞിനെ കാണാൻ ജയന്ദ്ലാൽ വിഷമമുണ്ടെന്ന് പറഞ്ഞ് മാറിനിന്നു. എന്നാൽ ബന്ധുക്കൾ എത്തി കുഞ്ഞിനെ കണ്ടപ്പോൾ കുട്ടിക്ക് അംഗവൈകല്യമൊന്നും കണ്ടെത്താനായില്ല. അംഗവളർച്ചയില്ലെന്ന് ആദ്യം പറഞ്ഞ ആശുപത്രി അധികൃതർ പിന്നീട് മാറ്റിപ്പറഞ്ഞതാണ് പ്രശ്നം രൂക്ഷമാകാൻ കാരണം. എന്നാൽ എസ്.എ.ടിയിൽ പ്രവേശിപ്പിച്ച ശേഷവും നിരവധി പരിശോധകളും സ്കാനിംഗും നടത്തിയിരുന്നു. തുടർ പരിശോധനകളിൽ ഒരു പ്രശ്നങ്ങളും കണ്ടെത്താൻ സാധിച്ചിരുന്നില്ല. മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ ബഹളം വെച്ചതിനെ തുടർന്നാണ് സംഘർഷാവസ്ഥ ഉടലെടുത്തത്. കഴക്കൂട്ടം സൈബർ സിറ്റി എ.സി ബേബി സ്ഥലത്തെത്തി ബന്ധുക്കളുമായി സംസാരിച്ച ശേഷമാണ് സംഘർഷാവസ്ഥയ്ക്ക് അയവ് വന്നത്. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്നും മരണകാരണം കണ്ടെത്താൻ ഇന്ന് പോസ്റ്റ്മോർട്ടം നടത്തുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.