alpasi

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ അല്പ്പശി ഉത്സവത്തിന് കൊടിയേറി. രാവിലെ 9നും 9.30നു ഇടയ്ക്കുള്ള മുഹൂർത്തത്തിൽ ക്ഷേത്രം തന്ത്രി തരണനല്ലൂർ പരമേശ്വരൻ നമ്പൂതിരിപ്പാട് കൊടിയേറ്റി. ശ്രീകാര്യത്ത് മഠം, നേയ്‌തേശ്ശിരി മഠം, കൂപക്കര മഠം, വഞ്ചിയൂർ അത്തിയറ മഠം എന്നീ യോഗത്തു പോറ്റുമാരുടെ സാന്നിദ്ധ്യത്തിൽ ആയിരുന്നു കൊടിയേറ്റ് നടന്നത്. തുടർന്ന് തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ തന്ത്രി സതീശൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ കൊടിയേറ്റു നടത്തി. ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ വി.രതീശൻ, രാജകുടുംബാംഗം ആദിത്യവർമ്മ, ട്രസ്റ്റ് അഡ്മിനിസ്‌ട്രേറ്റർ രാജരാജവർമ്മ, ക്ഷേത്രം മാനേജർ ബി.ശ്രീകുമാർ, ശ്രീകാര്യം എസ്.നാരായണഅയ്യർ, പി.ആർ.ഒ അസി. മുകേഷ്‌മോഹൻ എന്നിവർ പങ്കെടുത്തു. തുടർന്ന് മിത്രാനന്ദപുരം കുളത്തിൽ നിന്ന് മണ്ണുനീർ കോരൽ ചടങ്ങും നടന്നു. മുളയിട്ട നവധാന്യം പള്ളിവേട്ട ദിവസം പുറത്തെടുക്കും.
നവംബർ 2ന് രാത്രി 8.30ന് വലിയകാണിക്ക. 3ന് രാത്രി 8.30ന് പള്ളിവേട്ട. 4ന് വൈകിട്ട് ശംഖുമുഖത്തേക്ക് ആറാട്ട് ഘോഷയാത്ര. ആറാട്ട് തിരികെ വന്ന ശേഷം രാത്രി കൊടിയിറക്കും. 5ന് ആറാട്ട് കലശം നടക്കും. ഉത്സവദിവസങ്ങളിൽ തുലാഭരണമണ്ഡപം, നൃത്തമണ്ഡപം എന്നിവിടങ്ങളിൽ സംഗീതകച്ചേരിയും ക്ഷേത്രകലകളും അരങ്ങേറും. നാടകശാല മുഖപ്പിൽ രാത്രി 10ന് കഥകളിയും നടക്കും.