നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് ഇനി സൈബർ കണ്ണുകളുടെ കാവൽ. കുട്ടികളെങ്ങോട്ടു പോയാലും കണ്ടുപിടിക്കാനും സ്‌കൂളിലെത്തിയില്ലെങ്കിൽ തിരിച്ചറിയാനും ഇതുവഴി കഴിയും. സ്‌കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായാണ് മൊബൈൽ ആപ്പ് സംവിധാനമൊരുക്കുന്നത്. കുട്ടികളുടെ തിരിച്ചറിയൽ കാർഡിൽ ഘടിപ്പിച്ച നേരിയ ഇലക്ട്രോണിക് ചിപ്പുകൾ പ്രിൻസിപ്പലിന്റെ മുറിയിലെ മാസ്റ്റർ കമ്പ്യൂട്ടറുമായി ബന്ധിപ്പിച്ചതാണ് പുതിയ സംവിധാനം. ക്ലാസ് ടീച്ചർ ഹാജർ രേഖപ്പെടുത്തുമ്പോൾ അത് ചിപ്പിലൂടെ ബീപ്പ് ശബ്ദമായി മുഴങ്ങും. വിവരം രക്ഷിതാക്കളുടെ മൊബൈൽ ഫോണിൽ ഇൻസ്റ്റാൾ ചെയ്‌തിട്ടുള്ള പ്രത്യേക ആപ്പിലൂടെ എസ്.എം.എസായി എത്തും. കൂടാതെ പ്രധാന ഗേറ്റിൽ നിരീക്ഷണ കാമറയും കമ്പ്യൂട്ടർ സംവിധാനവും സജ്ജീകരിച്ചിട്ടുണ്ട്. കുട്ടികൾ ഗേറ്റ് കടന്നാൽ സൈബർ നിരീക്ഷണത്തിലാകും. ഇതിനായി നാല് ലക്ഷം രൂപ ചെലവിട്ട് 30 സി.സി ടിവി കാമറകളും സ്ഥാപിച്ചിട്ടുണ്ട്. ജി.പി.ആർ.എസ് സംവിധാനം നടപ്പാക്കുന്നതോടെ കുട്ടികളുടെ ചലനങ്ങളും നിരീക്ഷിക്കാനാകും.
കെ. ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി. മധുകുമാരൻനായർ അദ്ധ്യക്ഷനായിരുന്നു. നഗരസഭാ ചെയർ പേഴ്സൻ ഹീബ, വൈസ് ചെയർമാൻ കെ.കെ. ഷിബു, പ്രിൻസിപ്പൽ ജെ. ജോയ്സ് ജോൺസ്, ഹെഡ്മാസ്റ്റർ കല, കൗൺസിലർ ഉഷാകുമാരി, മദർ പി.ടി.എ പ്രസിഡന്റ് രാജം തുടങ്ങിയവർ പങ്കെടുത്തു.