ddd

നെയ്യാറ്റിൻകര: സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ജന്മഗൃഹത്തിലേക്ക് പോകുവാനുള്ള റോഡും ടാറിളകി പൊട്ടിപ്പൊളിച്ച് മഴ വെള്ളം കയറിക്കിടക്കുകയാണ്. അരംഗമുകളിൽനിന്ന്‌ അതിയന്നൂർ പഞ്ചായത്ത് ഓഫീസ് സ്ഥിതിചെയ്യുന്ന കമുകിൻകോട്ടേക്ക് എത്താനുള്ള ഏക റോഡ് തകർന്നിട്ടും അധികൃതർ മൗനം പാലിക്കുകയാണ്. റോഡിൽ മഴക്കാലമായാൽ വെള്ളക്കെട്ടാണ്. അതിയന്നൂർ പഞ്ചായത്ത് ഓഫീസിനോടുചേർന്നാണ് ഈ റോഡ് സ്ഥിതി ചെയ്യുന്നത്. റോഡ് ഒരു വർഷത്തിലേറെയായി തകർന്നുകിടക്കുകയാണ്. കമുകിൻകോട്-അരംഗമുകൾ വഴി ദേശീയപാതയിൽ പത്താംകല്ലിൽ എത്തിച്ചേരാം. അതിയന്നൂർ പഞ്ചായത്തിലെ അതിയന്നൂർ, അരംഗമുകൾ വാർഡുകളുടെ അതിർത്തിയിലാണ് റോഡ്. അരംഗമുകൾ പ്രദേശത്തുള്ളവർക്ക് പഞ്ചായത്ത് ഓഫീസ്, വെൺപകൽ സാമൂഹികാരോഗ്യകേന്ദ്രം, കമുകിൻകോട് സ്കൂൾ എന്നിവിടങ്ങളിൽ എത്തിച്ചേരാനുള്ള ഏക റോഡാണ് പൊട്ടിപ്പൊളിഞ്ഞ് തകർന്നത്. ദിവസവും നൂറുകണക്കിന് വാഹനങ്ങളും കടന്നുപോകുന്നുണ്ട്. ഓടയില്ലാത്തതാണ് വെള്ളക്കെട്ടിന് കാരണമെന്നും പരാതിയുണ്ട്. റോഡ് അടിയന്തരമായി റീടാർ ചെയ്ത് ഗതാഗതയോഗ്യമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.