vvv

നെയ്യാറ്റിൻകര: തമിഴ്നാട് അതിർത്തികടന്ന് ഇപ്പോൾ നെയ്യാറ്റിൻകരയിൽ എത്തുന്നത് വ്യാപാര സാധാനങ്ങൾ മാത്രമല്ല. പകരം നല്ല വിരുതന്മാരായ കള്ളന്മാരും ഉണ്ട്. നെയ്യാറ്റിൻകര തുടങ്ങി തലസ്ഥാനം മുഴുവൻ മോഷണം നടത്തിയാണ് ഇക്കൂട്ടരുടെ മടക്കം. മുൻകാലങ്ങളിൽ തിരുട്ട് ഗ്രാമത്തിൽ നിന്നും മാത്രമാണ് മോഷ്ടാക്കൾ ഇവിടെ എത്തിയിരുന്നത്. ഇപ്പോൾ തമിഴ്നാട്ടിലെ മിക്ക സ്ഥലത്തുനിന്നും മോഷ്ടാക്കൾ എത്തുന്നുണ്ടെന്നാണ് തമിഴ്നാട് പൊലീസ് പറയുന്നത്. സ്ത്രീകളും കുട്ടികളും പുരുഷന്മാരും അടങ്ങിയ സംഘം പ്രവർത്തിക്കുന്നത് റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ചാണ്. മോഷണത്തോടൊപ്പം ലഹരി വസ്തുക്കളുമായി എത്തുന്നവരും ഏറെയാണ്. വ്യാപാര സ്ഥാപനങ്ങൾ ലക്ഷ്യമിട്ട് മോഷണം നടത്തിയിരുന്ന സംഘം ഇപ്പോൾ വീടുകളും തിരക്കുള്ള ബസുകളും ഉസ്തവകേന്ദ്രങ്ങളും എല്ലാം നോട്ടമിട്ടിരിക്കുകയാണ്. കഴിഞ്ഞ ആറ്മാസത്തിനിടെ നെയ്യാറ്റിൻകര ടൗണിൽ ഏതാണ്ട് മുപ്പതോളം മോഷണവും മോഷണ ശ്രമവും നടന്നു. പകൽ സമയം ചുറ്റി നടന്ന് ആളില്ലാത്ത വീടുകൾ നോക്കി വച്ച ശേഷം രാത്രി ഓപ്പറേഷൻ നടത്തുന്ന സംഘങ്ങൾ അടുത്തിടെ വർദ്ധിച്ചിട്ടുണ്ട്.

അടുത്തിടെ ശാസ്താന്തലയിൽ മെത്തവില്ക്കാനെന്ന വ്യാജേന എത്തിയ മധുര സ്വദേശിയെ നാട്ടുകാർ പട്ടാപ്പകൽ വീട്ടിൽ നിന്നും മോഷണ ശ്രമത്തിനിടെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.

പാറശാല ഫയർ സ്റ്റേഷൻ ബിൽഡിംഗിന് സമീപം ജി.ബി.എസ് സ്റ്റോർ എന്ന വ്യാപാര സ്ഥാപനം രാത്രി കുത്തിതുറന്ന് മോഷണം നടത്തി. കള്ളനെ കൈയോടെ പാറാവ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഫയർമാൻ വിപിൻരാജും സഹപ്രവർത്തകരും ചേർന്ന് പിടികൂടി എല്പിച്ചു. ഇയാളിൽ നിന്നും മോഷ്ടിച്ച ബൈക്ക്, 5ഓളം മൊബൈൽ ഫോണുകൾ, 10ഓളം പെൻഡ്രൈവ്, ചാർജറുകൾ, വലിയ കത്തി, 10ഡസൻ സിഗരറ്റ് പാക്കറ്റുകൾ, നോട്ടുകെട്ടുകൾ, പൂട്ട് കുത്തിപൊളിക്കാൻ ഉപയോഗിച്ച കമ്പിപ്പാര എന്നിവ കണ്ടെടുത്തു.

വിലകൂടിയ ബ്രാസ് പൈപ്പുകൾ മാത്രം മോഷ്ടിക്കുന്ന മോഷ്ടാവിനേയും ഇതേ പോലെ ഉദിയിൻകുളങ്ങരയിൽ നിന്നും സിസി ടിവിയിൽ പതിഞ്ഞ ചിത്രങ്ങളുടെ അടിസ്ഥാനത്തിൽ പിടികൂടി.

ബസിനുള്ളിൽ വച്ച് വനിതായാത്രക്കാരിയുടെ മാല മോഷ്ടിക്കാൻ ശ്രമിച്ച രണ്ട് നാടോടി സ്ത്രീകളെ അടുത്തിടെ നെയ്യാറ്റിൻകര പൊലീസ് പിടികൂടിയിരുന്നു.

തമിഴ്നാട്ടിലെ ചില റെയിൽവേസ്റ്റേഷനുകൾ കേന്ദ്രീകരിച്ചാണ് മോഷണ സംഘം പ്രവർത്തിക്കുന്നത്. തമിഴ്നാട്ടിലെ സാത്തൂർ, കോവിൽപ്പട്ടി, വാഞ്ചി മണിയാച്ചി തുടങ്ങിയ റെയിൽ വേസ്റ്റേഷനുകളിൽ ഇവർ സംഘങ്ങളായി എത്തിയാണ് വിവിധ ട്രെയിനുകളിൽ കയറി ഇങ്ങോട്ടേക്ക് വരുന്നത്. മോഷണം നടത്തുമ്പോൾ പിടികൂടപ്പെടാതെ രക്ഷപെടാൻ ഗുണ്ടാ സംഘങ്ങളും ഇവരോടൊപ്പം അനുഗമിക്കാറുണ്ടെന്നാണ് തമിഴ്നാട് പൊലീസ് നൽകുന്ന സൂചന.