തിരുവനന്തപുരം : പതിന്നാലാം കേരള നിയമസഭയുടെ പതിനാറാം സമ്മേളനം ഇന്ന് ആരംഭിക്കും. ആറു നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിനു ശേഷമാണ് സഭ ചേരുന്നത്. നിയമസഭയിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട വി.കെ. പ്രശാന്ത് (വട്ടിയൂർക്കാവ്), കെ.യു. ജനീഷ്‌കുമാർ (കോന്നി), ഷാനിമോൾ ഉസ്മാൻ (അരൂർ), ടി.ജെ. വിനോദ് (എറണാകുളം), എം.സി. ഖമറുദീൻ (മഞ്ചേശ്വരം) എന്നിവരുടെ സത്യപ്രതിജ്ഞ രാവിലെ പത്തിന് നടക്കും.
പതിനാറ് ഓർഡിനൻസുകൾക്കു പകരം ബില്ലുകളും മറ്റ് അത്യാവശ്യ ബില്ലുകളുമായിരിക്കും സഭയുടെ പരിഗണനയ്ക്ക് വരിക. 2019ലെ കേരള വെറ്ററിനറിയും ജന്തുശാസ്ത്രങ്ങൾ സർവകലാശാല (ഭേദഗതി) ബിൽ, 2019ലെ കേരള അംഗൻവാടി വർക്കർമാരുടെയും അംഗൻവാടി ഹെൽപ്പർമാരുടെയും ക്ഷേമനിധി (ഭേദഗതി) ബിൽ എന്നിവ സബ്ജക്ട് കമ്മിറ്റികളുടെ പരിശോധനയ്ക്ക് അയയ്ക്കണമെന്ന പ്രമേയം ഇന്ന് സഭ പരിഗണിക്കും.
2019ലെ കേരള സഹകരണ ആശുപത്രി കോംപ്ലക്സും മെഡിക്കൽ സയൻസസ് അക്കാഡമിയും അനുബന്ധ സ്ഥാപനങ്ങളും (ഏറ്റെടുക്കലും നടത്തിപ്പും) ബിൽ, 2019ലെ കേരള പഞ്ചായത്ത് രാജ് (ഭേദഗതി) ബിൽ എന്നിവ നാളെ (29) പരിഗണിക്കും. 2019–20ലെ ബഡ്ജറ്റിലെ ഉപധനാഭ്യർത്ഥനകളുടെ സമർപ്പണം നാളെയും അതിലുള്ള ചർച്ചയും വോട്ടെടുപ്പും നവംബർ അഞ്ചിനും നടക്കും. മഹാത്മാഗാന്ധിയുടെ 150–ാം ജന്മവാർഷികത്തോടനുബന്ധിച്ച് നിയമസഭയിൽ പ്രത്യേക അനുസ്മരണ സമ്മേളനം നവംബർ ഒന്നിന് നടത്തും. 19 ദിവസം നീളുന്ന സമ്മേളനം നവംബർ 21ന് അവസാനിക്കും.