kompette-road

മലയിൻകീഴ്: വിളവൂർക്കൽ ഗ്രാമപഞ്ചായത്തിലെ തിരക്കേറിയ കൊമ്പേറ്റി-പാവക്കോട് റോഡ് തകർന്ന് സഞ്ചാരയോഗ്യമല്ലാതായിട്ട് വർഷങ്ങൾ കഴിഞ്ഞു. മഴ പെയ്താൽ ഈ റോഡ് കുളമായി മാറും. വർഷങ്ങൾക്ക് മുൻപ് ടാറിംഗ് നടത്തിയിരുന്നെങ്കിലും അടുത്ത മഴയിൽ ടാർ ഇളകി റോഡാകെ വൻകുഴികൾ രൂപ പെട്ടു. റോഡ് കുണ്ടും
കുഴിയുമായി മാറിയതിനാൽ കാൽനടക്കാരും ഇരുചക്രവാഹനയാത്രക്കാരും നന്നേ ബുദ്ധിമുട്ടുകയാണ്. കുഴികളിലെ വെള്ളക്കെട്ടിൽ അകപ്പെട്ട് യാത്രക്കാർക്ക് പരിക്കേറ്റ സംഭവം നിരവധിയുണ്ട്. ടിപ്പർ ലോറികളുടെ അനിയന്ത്രിതമായ ഓട്ടമാണ് റോഡ് തകർന്ന് സഞ്ചാരയോഗ്യമല്ലാതാകാൻ പ്രധാനകാരണം. ഭൂമാഫിയ സംഘവും റിയൽ എസ്റ്റേറ്റ് കാരുമാണ് ഇതിന് പിന്നിലെന്നാണ് നാട്ടുകാർ പറയുന്നത്. വിളവൂർക്കൽ വാർഡിലുൾപ്പെട്ട ഈ റോഡിൽ ഒൻപത് വർഷം മുൻപാണ് ടാറിംഗ് നടത്തിയത്. അതിന് ശേഷം ഇതുവരെ യാതൊരുവിധ അറ്റകുറ്റ പണികൾ ഈ റോഡിൽ ചെയ്തിട്ടില്ല. 500 മീറ്റർ ദൂരം മാത്രമേ ടാറിംഗ് നടത്തിയിരുന്നുള്ളു. റോഡിന്റെ ശോചനീയാവസ്ഥ നേരിട്ടറിയുന്നതിന് ഐ.ബി. സതീഷ്.എം.എൽ.എ സ്ഥലം സന്ദർശിക്കണ മെന്നതാണ് നാട്ടുകാരുടെ ആവശ്യം.

നിരവധിപേർക്ക് ആശ്രയമായ ഈ റോഡ് നവീകരിച്ച് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ പഞ്ചായത്ത് വാർഡ് അംഗങ്ങളെ സമീപിച്ചെങ്കിലും നാളിതുവരെ പ്രയോജനം ഉണ്ടായിട്ടില്ല. പരാതിപ്പെടുമ്പോഴെല്ലാം റോഡ് നവീകരിക്കുന്നതിന് ഫണ്ട് അനുവദിച്ച് ഉടൻ ഉത്തരവ് ഇറങ്ങുമെന്ന് അധികൃതർ മറുപടിപറയാൻ തുടങ്ങിയിട്ട് വർഷങ്ങളായി.

റോഡിൽ വൻ കുഴികൾ രൂപപ്പെട്ടിരിക്കുന്നതിനാൽ പകൽ സമയത്തെ യാത്രപോലും ദുഃസഹമാണ്. പിന്നെ രാത്രികാലത്തെ യാത്ര പറയേണ്ട. റോഡിന്റെ തകർച്ചകാരണം സവാരി പോകാൻ വരാറില്ലെന്നാണ് നാട്ടുകാർ
പറയുന്നത്. റോഡിന്റെ ഒരു വശം വെള്ളക്കെട്ട് നിറഞ്ഞ കൃഷിയിടമാണ്.

ഇരുചക്രവാഹനങ്ങളും കാൽനടയാത്രക്കാരും രാത്രി കാലങ്ങളിൽ ഇതുവഴി വീടുകളിലെത്തുന്നത് ജീവൻ പണയപ്പെടുത്തിയാണ്. വിവിധ റസിഡന്റ്സ് അസോസിയേഷനുകൾ റോഡ് നവീകരിക്കണമെന്ന് പലവട്ടം
ആവശ്യപ്പെട്ടെങ്കിലും ഇതുവരെ യാതൊരു പ്രയോജനവുമുണ്ടായിട്ടില്ല.