fake

നെടുമങ്ങാട് : മരണപ്പെട്ടയാളുടെ പേരിൽ വ്യാജരേഖ ചമച്ച് വാഹനം സ്വന്തമാക്കിയെന്ന ഭാര്യയുടെ പരാതിയിൽ ആർ.ടി ഓഫീസ് ജീവനക്കാരടക്കം ആറു പേർക്കെതിരെ കേസ്. മീൻമുട്ടി കൈതിൽ കിഴക്കുംകര പുത്തൻവീട്ടിൽ രാജേഷ്‌കുമാറിന്റെ ഭാര്യ വി.സുമയുടെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്.കഴിഞ്ഞ മാർച്ച് ആറിന് രാജേഷ് കുമാറിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയിരുന്നു.ഇയാളുടെ ഉടമസ്ഥാവകാശത്തിലുള്ള പിക്കപ്പ് മേയ് 8 ന് തോട്ടുംപുറം സ്വദേശിനിയുടെ പേരിലേക്ക് നെടുമങ്ങാട് ജോയിന്റ് ആർ.ടി ഓഫീസിലെ മൂന്ന് ഉദ്യോഗസ്ഥരും സ്വകാര്യ ഏജന്റും ചേർന്ന് മാറ്റിയതായാണ് പരാതി. രാജേഷ് കുമാറിന്റെ മരണശേഷം ഒപ്പും മറ്റു രേഖകളും കൃത്രിമമായി ഉണ്ടാക്കിയാണ് വാഹനത്തിന്റെ ഓണർഷിപ്പ് കൈമാറിയതെന്ന് പരാതിയിൽ പറയുന്നു.ജോയിന്റ് ആർ.ടി.ഒ അടക്കം പരാതിയിൽ പേരുള്ള ആറു പേർക്കെതിരെയും എഫ്.ഐ.ആർ തയ്യാറാക്കി കോടതി മുമ്പാകെ സമർപ്പിച്ചിട്ടുണ്ടെന്ന് നെടുമങ്ങാട് പൊലീസ് അറിയിച്ചു.