കടയ്ക്കാവൂർ: പള്ളിമുക്ക്, തിനവിള- കീഴാറ്റിങ്ങൽ റോഡ് തകർന്ന് വലിയ കുഴികളും വലിയ ചാലുകളുമായി രൂപാന്തിരപ്പെട്ടിട്ട് വർഷം നാലോളമായി. ഇപ്പോഴാണെങ്കിൽ അപകടങ്ങൾ നിത്യ സംഭവമാണ്. ഇരുചക്ര വാഹനയാത്രക്കാരാണ് കൂടുതലും അപകടത്തിൽ പെടുന്നത്. നാല് സർവീസ് ബസുകളും മറ്റനവധി വാഹനങ്ങളും കൊണ്ട് തിരക്കേറിയ റോഡാണിത്. സഹകരണസംഘങ്ങളും വ്യാപാര സ്ഥാപനങ്ങളും കോളനികളും പള്ളിവിള റോഡിൽ സ്ഥിതി ചെയ്യുന്നുണ്ട്. കടയ്ക്കാവൂർ - ചിറയിൻകീഴ് പഞ്ചായത്തുകൾ വഴി കടന്ന് പോകുന്ന റോഡാണിത്. തെരുവ് വിളക്കുകൾ കത്താത്തതിനാൽ രാത്രി കാൽനടയാത്രക്കാർ വീണുണ്ടാകുന്ന അപകടങ്ങളും കുറവല്ല.

അടുത്ത കാലത്ത് സ്കൂൾ വാഹനം ഗട്ടറിൽ ചാടി വാഹനത്തിന് കേടുപാടുണ്ടായി. വാഹനം മറിയാതിരുന്നതിനാൽ വിദ്ധ്യാർത്ഥികൾക്ക് അപകടം സംഭവിച്ചില്ല. റോഡ് അറ്റകുറ്റ പണികൾ നടത്തി റീടാർ ചെയ്തില്ലെങ്കിൽ സർവീസ് നിറുത്തുമെന്നാണ് ബസ് ഉടമകൾ പറയുന്നത്. ഓട്ടോകളും കാറുകളും ഓട്ടം വിളിച്ചാൽ ഇത് വഴി വരാത്ത അവസ്ഥയാണ്. ജനപ്രതിനിതികൾക്കും പൊതുമരാമത്ത് വകുപ്പിനും പരാതികൾ കൊടുത്ത് നാട്ടുകാർ മടുത്തു.

റോഡ് സഞ്ചാരയോഗ്യമാക്കുന്നതിൽ ഇനിയെങ്കിലും സർക്കാർ കണ്ണടച്ചാൽ ശക്തമായ സമര പരിപാടികൾക്ക് രൂപം നൽകുമെന്നാണ് നാട്ടുകാർ പറയുന്നത്