പാറശാല: തമിഴ്‌നാട്ടിൽനിന്ന് കഞ്ചാവുമായി എത്തിയ യുവാവ് റെയിൽവെ പൊലീസിന്റെ പിടിയിലായി. ആലപ്പുഴ പാതിരപ്പള്ളി പൊലീസ് സ്റ്റേഷന് സമീപം താമസിക്കുന്ന ടോമി കെ. ആൽബർട്ട് (32) ആണ് പിടിയിലായത്. ഇന്നലെ രാവിലെ പാറശാല സ്റ്റേഷനിൽ എത്തിയ മധുര - പുനലൂർ പാസഞ്ചർ ട്രെയിനിലെ യാത്രക്കാരനായിരുന്നു ഇയാൾ. പതിവ് വാഹന പരിശോധനയ്ക്കിടെയാണ് ബാഗിൽ ഒളിപ്പിച്ച നിലയിൽ മൂന്ന് പൊതികളാക്കിയ 850 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്. മധുരയിൽ നിന്ന് വാങ്ങിയ കഞ്ചാവ് ആലപ്പുഴയിൽ എത്തിച്ച് ബോട്ട് യാത്രക്കാർക്ക് ചില്ലറ വിൽപ്പന നടത്താൻ കൊണ്ടുവന്നതാണെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. തിരുവനന്തപുരം റെയിൽവേ പൊലീസ് ഇൻസ്‌പെക്ടർ ജയകുമാറിന്റെ നിർദ്ദേശപ്രകാരം പാറശാല റെയിൽവേ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ശരത്കുമാർ, എസ്.ഐ.മാരായ അബ്ദുൽ വഹാബ്, എസ്.സി.പി.ഒ ശിവകുമാർ, സി.പി.ഒ മാരായ ശരത്, ബൈജു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.