തിരുവനന്തപുരം : വി.കെ.പ്രശാന്ത് രാജിവച്ച ഒഴിവിൽ നഗരസഭാ മേയർ സ്ഥാനത്തേക്ക് പരിചയസമ്പന്നനെ എത്തിക്കാൻ സി.പി.എം നീക്കം. ഭൂരിപക്ഷമില്ലാത്ത ഭരണസമിതി കാലയളവ് പൂർത്തിയാക്കാൻ, പരിചയ സമ്പത്തുള്ള നയപരമായി കാര്യങ്ങളെ കൈകാര്യം ചെയ്യുന്നവരെ നിയോഗിക്കണമെന്നാണ് പാർട്ടിയിലെ പൊതുവികാരം. നേരത്തേതന്നെ മേയർസ്ഥാനത്തേക്ക് പരിഗണിച്ച ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ശ്രീകുമാറാണ് പട്ടിയിൽ ഒന്നാമൻ. പുന്നയ്‌ക്കാമുഗൾ കൗൺസിലറായ ആർ.പി.ശിവജിയാണ് രണ്ടാമതായി പരിഗണിക്കുന്നത്. ഇരുവരും ഏര്യാകമ്മിറ്റി അംഗങ്ങളാണ്. ഇന്നു ചേരുന്ന സി.പി.എം ജില്ലാ കമ്മിറ്റിയോഗം തീരുമാനമെടുക്കും. തുടർന്ന് ജില്ലാ എൽ.ഡി.എഫിൽ പേര് അവതരിപ്പിക്കും.സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ പുഷ്‌പലതയുടെ പേര് പരിഗണനയിലുണ്ടെങ്കിലും അടുത്തതവണ മേയർസ്ഥാനം വനിതാസംവരണമായതിനാൽ ഇനിയുള്ള ഒരുവർഷം വനിതയെ പരിഗണിക്കേണ്ടെന്ന അഭിപ്രായമുണ്ട്. അതേസമയം പൊതുസമ്മതനെ രംഗത്തിറക്കി പിന്തുണയ്ക്കാൻ യു.ഡി.എഫും ബി.ജെ.പിയും ശ്രമം തുടങ്ങിയിട്ടുണ്ട്. സ്വതന്ത്ര ചിഹ്നത്തിൽ മത്സരിച്ച് ജയിച്ചയാളെ മേയർ സ്ഥാനത്തേക്ക് മത്സരിപ്പിക്കാനാണ് ശ്രമം. ശ്രീകാര്യം വാർഡിലെ ലതാകുമാരിയാണ് ഏക സ്വതന്ത്ര. ഇപ്പോൾ എൽ.ഡി.എഫിനൊപ്പമാണ്. വട്ടിയൂർക്കാവിലെ വിജയത്തിൽ ആഹ്ലാദിക്കുന്ന എൽ.ഡി.എഫിനെ മേയർ തിരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പൊതുസമ്മതനെ തേടുന്നത്.