വക്കം: ആങ്ങാവിളയിൽ ജനവാസ കേന്ദ്രത്തിലെ മൊബൈൽ ടവർ നിർമ്മാണത്തിന് ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടെ അനുമതിയില്ലാതെ പെർമിറ്റ് നൽകിയ സംഭവത്തിൽ പ്രത്യക്ഷ സമരവുമായി കോൺഗ്രസ് രംഗത്ത്. കഴിഞ്ഞവർഷം നൽകിയ പെർമ്മിറ്റ് ജനങ്ങളുടെ പരാതിയെയും പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തെയും തുടർന്ന് നിഷേധിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം വീണ്ടും ഭരണസമിതി യോഗത്തിൽ അറിയിക്കാതെ പെർമ്മിറ്റ് നൽകിയതിൽ ദുരൂഹതയുണ്ടെന്ന് കോൺഗ്രസ് നേതൃത്വം ആരോപിച്ചു.
ജനങ്ങളുടെ അശങ്ക അകറ്റാൻ ജില്ലാ കളക്ടർ അദ്ധ്യക്ഷനായിട്ടുള്ള ജില്ലാ ടെലികോം കമ്മിറ്റിയും റേഡിയേഷൽ മൂലമുണ്ടാകുന്ന ആഘാതം പരിശോധിക്കാൻ ഭാരത സർക്കാർ സ്ഥാപനമായ ടെലികോം എൻഫോഴ്സ് റിസോഴ്സ് ആൻഡ് മോണിറ്ററിംഗ് എന്ന സ്ഥാപനത്തെയും ചുമതലപ്പെടുത്തിട്ടുള്ളതായി ബന്ധപ്പെട്ടവർ അറിയിച്ചു. പിന്നീട് ഇതിനെ സംബന്ധിച്ച് യാതൊരു തുടർ നടപടികൾ സ്വീകരിച്ചതായി ജില്ലാ കളക്ടറുടെ ഓഫീസിൽ അറിയിപ്പ് ഉണ്ടായില്ല. മൊബൈൽ കമ്പനി ജൂലായിൽ പുതിയ അപേക്ഷ സമർപ്പിക്കുയും ഭരണസമിതി ഇതിൽ ചർച്ച ചെയ്യാതെ സെക്രട്ടറി ജില്ലാ കളക്ടർക്ക് അയച്ച് കൊടുത്ത ശേഷം നീണ്ട അവധിയെടുത്ത് പോയ സംഭവത്തിലും ദുരൂഹതയുള്ളതായി കോൺഗ്രസ് മണ്ഡലം പ്രസിഡസ്റ്റ് എൻ. ബിഷ്ണു ആരോപിച്ചു. ടവർ നിർമ്മാണത്തിനെതിരെ വാർഡ് അംഗം ഗണേഷും ജില്ലാ കളക്ടർക്ക് അടക്കം ബന്ധപ്പെട്ടവർക്ക് പരാതി നൽകിട്ടുണ്ട്.