ktm
റെയിൽവേ പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി പണി പുരോഗമിക്കുന്ന കോട്ടയം കഞ്ഞിക്കുഴി റെയിൽവേ മേൽപ്പാലം.

തിരുവനന്തപുരം: യാത്രക്കാരുടെ തിരക്കും ഏറെ നാളായുള്ള ആവശ്യവും പരിഗണിച്ച് അടുത്ത വർഷം സംസ്ഥാനത്തിന് നാല് പുതിയ ട്രെയിനുകൾ അനുവദിക്കാൻ റെയിൽവേ ബോർഡ് ടൈംടേബിൾ കമ്മിറ്റി തീരുമാനിച്ചു. നിലവിലെ തടസങ്ങൾ നീക്കി പാതയിരട്ടിപ്പിക്കൽ നിർമ്മാണം പൂർത്തിയാകുന്ന മുറയ്ക്കായിരിക്കും ട്രെയിനുകൾ അനുവദിക്കുക. റെയിൽവേ ടൈംടേബിൾ കമ്മിറ്റി അംഗീകരിച്ച റിപ്പോർട്ട് റെയിൽവേ മന്ത്രാലയത്തിന് അയച്ചിരിക്കുകയാണ്. മറ്റു തടസങ്ങളൊന്നുമില്ലാത്തതിനാൽ മന്ത്രാലയം റിപ്പോർട്ട് അംഗീകരിക്കും.

പുതിയതായി ട്രെയിനുകൾ അനുവദിക്കുന്നതിന് ഏക തടസമായി അവശേഷിക്കുന്നത് പാതയിരട്ടിപ്പിക്കൽ പൂർത്തിയാകാത്തതായിരുന്നു. ഇപ്പോഴത്തെ പാത 100 ശതമാനം ഉപയോഗിക്കുന്നുവെന്നാണ് കണക്കാക്കിയിരിക്കുന്നത്.

ആദ്യഘട്ടമായി ബംഗളൂരുവിൽ നിന്നു തിരുവനന്തപുരത്തേക്ക് രണ്ടു ട്രെയിനുകളും, മുംബയ്, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് ഓരോ ട്രെയിനുമാണ് അനുവദിക്കുക. ഷൊർണൂർ മുതൽ തിരുവനന്തപുരം വരെയുള്ള (കോട്ടയം വഴി) പാത ഇരട്ടിപ്പിക്കൽ നടപടികൾ അടുത്ത വർഷം മദ്ധ്യത്തോടെ പൂർത്തിയാക്കാൻ കഴിയുമെന്നാണ് ദക്ഷിണ റെയിൽവേയുടെ കണക്കുകൂട്ടൽ. ഏറ്റുമാനൂർ മുതൽ ചിങ്ങവനം വരെയുള്ള പതിനാറര കിലോമീറ്റർ ദൂരത്തെ നിർമ്മാണ പ്രവർത്തനം മാത്രമാണ് ഇനി ബാക്കിയുള്ളത്. ഇതിൽ കോട്ടയം യാഡ് ഒഴികെയുള്ള സ്ഥലങ്ങളിലെ തടസങ്ങൾ നീക്കി നിർമ്മാണ പ്രവർത്തനം ആരംഭിച്ചു. പ്ളാന്റേഷൻ കോർപറേഷൻ, റബർ ബോർഡ് ജംഗ്ഷൻ എന്നിവിടങ്ങളിലെ തർക്കം പരിഹരിച്ച് നിർമ്മാണം ആരംഭിച്ചു. കീറാമുട്ടിയായി അവശേഷിച്ചിരുന്ന കോട്ടയം യാഡ് ഭാഗത്ത് സ്ഥലം ഏറ്റെടുത്ത് പുതിയ നഷ്ടപരിഹാര പാക്കേജ് നിശ്ചയിച്ചു മുന്നോട്ടുപോകാൻ ജില്ലാകളക്ടറെ ചുമതലപ്പെടുത്തി. ഒരു മാസത്തിനുള്ളൽ ഈ സ്ഥലം കൂടി ഏറ്റെടുക്കുന്നതോടെ അവസാന തടസവും മാറും.

പാത ഇരട്ടിപ്പിക്കൽ പൂർത്തിയായ ശേഷം കൊല്ലം, എറണാകുളം സൗത്ത്, തൃശൂർ, കോഴിക്കോട് സ്റ്റേഷനുകൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് മാറ്റുന്ന പദ്ധതിയുമായി ബന്ധപ്പെട്ട നിർമ്മാണ പ്രവർത്തനങ്ങളും ആരംഭിക്കും.

നിർമാണ പ്രവർത്തനങ്ങൾ

ഇപ്പോൾ

മുംബയിലേക്ക് പ്രതിദിനം രണ്ട് ട്രെയിനുകൾ - ജയന്തി, കുർള

പ്രതിവാരം ഒന്ന് - വിരാവൽ

ബംഗളൂരുവിലേക്ക് - കൊച്ചുവേളിയിൽ നിന്നു പ്രതിദിനം രണ്ട്

പ്രതിവാരം - ഒന്ന്

ഹൈദരാബാദിലേക്ക് - ഒരു പ്രതിദിന ട്രെയിൻ- ശബരി