studentsfight

നെയ്യാറ്റിൻകര: സഹോദരിയോടൊപ്പം സിനിമയ്‌ക്കുപോയ ആൺകുട്ടിയുടെ വീടുകയറി ആക്രമിച്ച കേസിൽ സഹോദരനും സുഹൃത്തും കസ്റ്റഡിയിൽ. അമരവിള സ്വദേശിയായ യുവാവും സുഹൃത്ത് ശരത്തുമാണ് (20) പിടിയിലായത്. ശനിയാഴ്ച വൈകിട്ട് മൂന്നിനായിരുന്നു സംഭവം. താലൂക്കിലെ ഒരു സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയായ പെൺകുട്ടി രണ്ട് ആൺ സുഹൃത്തുക്കൾക്കൊപ്പമാണ് കഴിഞ്ഞ ദിവസം സിനിമയ്‌ക്ക് പോയത്. തിരിച്ചെത്തിയപ്പോൾ സംഭവം പെൺകുട്ടിയുടെ വീട്ടിലറിഞ്ഞു. തുടർന്ന് പെൺകുട്ടിയുടെ സഹോദരൻ സുഹൃത്തിനൊപ്പം ധനുവച്ചപുരം സ്വദേശിയായ യുവിന്റെ വീട്ടിലെത്തി. തുടർന്ന് മാതാപിതാക്കളുടെ മുൻപിൽ വച്ച് ആൺകുട്ടിയെ ഇരുവരും തല്ലുകയായിരുന്നു. മർദ്ദനമേറ്റ് തറയിൽ വീണ ധനുവച്ചപുരം സ്വദേശിയെ പിടിച്ചെഴുന്നേൽപ്പിച്ച ശേഷം സിനിമ കാണാൻ ഒപ്പം വന്ന രണ്ടാമത്തെ ആൺകുട്ടിയുടെ വീട് പറയാൻ ആവശ്യപ്പെട്ടു. എന്നാൽ പറയാൻ തയ്യാറാകാതിരുന്ന ഇയാളെ കാറിൽ പിടിച്ചു കയറ്റി കൊണ്ടു പോകാനും ശ്രമിച്ചു. ഇത് വീട്ടുകാർ തടഞ്ഞു. ഇതിനിടെ ഇവരോടൊപ്പമെത്തിയ ഏതാനും പേരും രംഗത്തെത്തി. തുടർന്ന് വീട്ടുകാർ ബഹളമുണ്ടാക്കിയതോടെ നാട്ടുകാരെത്തി രണ്ടു പേരേയും തടഞ്ഞു വച്ച ശേഷം മാരായമുട്ടം പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.