തിരുവനന്തപുരം: ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസിൽ ചികിത്സയിലുള്ള ഭരണപരിഷ്‌കാര കമ്മിഷൻ അദ്ധ്യക്ഷൻ വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. രക്തസമ്മർദ്ദത്തിലെ വ്യതിയാനത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച വി.എസിനെ ശനിയാഴ്ചയാണ് ശ്രീചിത്രയിലേക്ക് മാറ്റിയത്. തലച്ചോറിലെ നേരിയ രക്തസ്രാവം നിയന്ത്രിക്കുന്നതിനുള്ള മരുന്നുകൾ നൽകുന്നുണ്ട്. നെഞ്ചിൽ നേരിയ അണുബാധയുമുണ്ട്. നാഡീവ്യൂഹങ്ങളുടെ പ്രവർത്തനം സാധാരണ നിലയിലായി. മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. അടുത്ത കുടുംബാംഗങ്ങൾ ഒപ്പമുണ്ട്. സന്ദർശകർക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.