തിരുവനന്തപുരം: ശബരിമല തീർത്ഥാടനത്തിന് പമ്പ സ്‌പെഷ്യൽ ഒരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി. നഷ്ടത്തിലായ കോർപറേഷനെ രക്ഷിക്കുന്നതിന് പരിഷ്‌കാരങ്ങളുമായാണ് സർവീസ്. ഇതിന്റെ ഭാഗമായി 40 യാത്രക്കാരില്ലാതെ സർവീസ് നടത്തില്ല. യാത്രക്കാർ തികയാതെ സർവീസ് നടത്തുന്ന ജീവനക്കാർക്കെതിരെ നടപടിയെടുക്കണമെന്നാണ് സി.എം.ഡിയുടെ നിർദ്ദേശം.
പമ്പ ബസ് സ്റ്റേഷന്റെ പ്രവർത്തനം നവംബർ 14ന് ആരംഭിക്കും. നട തുറക്കുന്ന 16 മുതൽ നിലയ്‌ക്കൽ - പമ്പ ചെയിൻ സർവീസും തുടങ്ങും. കോട്ടയം മുതൽ വടക്കോട്ടുള്ള ജില്ലകളിൽ നിന്നുള്ള സ്‌പെഷ്യൽ ബസുകൾ എരുമേലി, കണമല വഴിയാണ് സർവീസ് നടത്തുന്നത്. നേരത്തേ ഇവ പത്തനംതിട്ട വഴിയായിരുന്നു. തൃശൂർ, കോഴിക്കോട് തുടങ്ങി മലബാർ മേഖലകളിൽ നിന്നുള്ള ബസുകൾ അങ്കമാലി, മൂവാറ്റുപുഴ, കൂത്താട്ടുകുളം, കോട്ടയം, എരുമേലി വഴി പമ്പയിലെത്തും.
40 പേരിൽ കുറയാതെയുള്ള സംഘം സീറ്റു ബുക്ക് ചെയ്‌താൽ പ്രത്യേക ബസ് അയച്ച് 10 കിലോമീറ്ററിനുള്ളിൽ നിന്ന് അവരെ കയറ്റിക്കൊണ്ടുപോകും. ഒരാളിൽ നിന്ന് 20 രൂപ അധികം വാങ്ങും. കൊട്ടാരക്കര ഗണപതി ക്ഷേത്രം, തിരുവനന്തപുരം പഴവങ്ങാടി ഗണപതി ക്ഷേത്രം, ഓച്ചിറ പരബ്രഹ്മ ക്ഷേത്രം, ഗുരുവായൂർ ക്ഷേത്രം, കോട്ടയം, ചെങ്ങന്നൂർ, തിരുവല്ല, എറണാകുളം സൗത്ത് എന്നീ റെയിൽവേ സ്റ്റേഷനുകളിൽ നിന്ന് പമ്പ സ്‌പെഷ്യൽ സർവീസ് നടത്തും. തിരുവനന്തപുരം, എറണാകുളം ഡിപ്പോകളിൽ മടക്ക യാത്രയ്‌ക്കുള്ള സൗകര്യത്തോടു കൂടി റിസർവേഷനുമുണ്ടാകും.
പമ്പ സർവീസ് ഇങ്ങനെ
ആകെ ബസുകൾ - 240
നോൺ എ.സി ബസുകൾ - 200
എ.സി ബസുകൾ - 40
നിലയ്‌ക്കൽ - പമ്പ ചെയിൻ സർവീസുകൾ : നവംബർ 16 മുതൽ
വടക്ക് നിന്നുള്ള പമ്പ സർവീസുകൾ എരുമേലി വഴി