തിരുവനന്തപുരം∙ ഏഴു ദിവസം നീണ്ടുനിൽക്കുന്ന ചലച്ചിത്ര ശില്പശാലയ്ക്കും ദേശീയ സെമിനാറിനും ഇന്ന് വഴുതക്കാട് ഗവൺമെന്റ് വിമെൻസ് കോളജിൽ തുടക്കമാകും. കോളജ് അസംബ്ളി ഹാളിൽ രാവിലെ 11ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. പ്രിൻസിപ്പൽ ഡോ. ജി. വിജയലക്ഷ്മി അദ്ധ്യക്ഷത വഹിക്കും. ചലച്ചിത്ര അക്കാഡമി സെക്രട്ടറി മഹേഷ് പഞ്ചു, സി ഡിറ്റ് രജിസ്ട്രാർ ജയദേവ് ആനന്ദ് എന്നിവർ സംസാരിക്കും. ചലച്ചിത്രകലയുടെ വികാസപരിണാമങ്ങൾ, ദേശീയതയും ഇന്ത്യൻ സിനിമയിലെ സ്ത്രീപരിചരണവും തിരക്കഥാപഠനം, ശബ്ദകല, രാഷ്ട്രീയവും സിനിമയും തുടങ്ങിയ വിഷയങ്ങളിൽ സംവിധായിക വിധു വിൻസന്റ്, വിജയകൃഷ്ണൻ, ഡോ. പി.എസ്. രാധാകൃഷ്ണൻ, സി. അശോകൻ, ബൈജു ചന്ദ്രൻ, കെ.ജി. ജയൻ, ഡോ. ടി. ജിതേഷ്, എ. ചന്ദ്രശേഖർ, പ്രദീപ് പനങ്ങാട്, ഇന്ദുഗോപൻ, രാജേഷ് കെ. എരുമേലി തുടങ്ങിയവർ ക്ലാസുകൾ നയിക്കും. വിവിധ സർവകലാശാലകളിൽ നിന്നുള്ള അദ്ധ്യാപകരും ചലച്ചിത്രപ്രവർത്തകരും പങ്കെടുക്കും. പരിപാടിയുടെ ഭാഗമായി വിമൻസ് കോളജ് വിദ്യാർത്ഥികളുടെ ചലച്ചിത്ര നിർമാണവും നടക്കും. മലയാള വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കോളജ് വിദ്യാഭ്യാസവകുപ്പും ചലച്ചിത്ര അക്കാഡമിയും സി ഡിറ്റും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.