തിരുവനന്തപുരം: ക്രിക്കറ്റിനെ ജീവിതത്തോളം സ്നേഹിച്ച കായികതാരമായിരുന്നു ഇന്നലെ നിര്യാതയായ കേരള ക്രിക്കറ്റ് ടീം മുൻ വനിതാ ക്യാപ്റ്റനും സെലക്ഷൻ കമ്മിറ്റി അദ്ധ്യക്ഷയുമായിരുന്ന ഷബീന ജേക്കബ്. ക്രിക്കറ്രിന് കായികലോകത്ത് അത്രയൊന്നും ഗ്ലാമർ ഇല്ലായിരുന്ന കാലത്താണ് ഷബീന അടക്കമുള്ള വനിതാ താരങ്ങൾ കേരളത്തിന് വേണ്ടി പാഡണിഞ്ഞത്. അന്ന് വനിതാ ക്രിക്കറ്റ് ബി.സി.സിയുമായോ കെ.സി.എയുടെയോ ഭാഗമല്ലായിരുന്നു. വനിതകൾ മുൻകൈയെടുത്ത് സ്ഥാപിച്ച കേരള വനിതാ ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തിൽ ഒരുപാട് വെല്ലുവിളികളും കടമ്പകളും നേരിട്ടാണ് വനിതകൾ ഗ്രൗണ്ടിൽ ഇറങ്ങിയിരുന്നത്. 1977 മുതൽ 1981 വരെയുള്ള കാലഘട്ടത്തിൽ സംസ്ഥാന ടീമിനുവേണ്ടി ഷബീന കളിക്കാനിറങ്ങി. വഴുതക്കാട് വിമെൻസ് കോളേജിലെ പഠനകാലത്ത് 3 വർഷം കേരള യൂണിവേഴ്സിറ്റിയുടെ മിന്നും താരം കൂടിയായിരുന്നു ഈ കോട്ടയം സ്വദേശിനി.
കോട്ടയമാണ് ജന്മനാടെങ്കിലും തിരുവനന്തപുരത്തായിരുന്നു ഏറെക്കാലവും ചിലവിട്ടത്. ഡി.പി.ഐയിൽ സ്പോർട്സ് ഡയറക്ടറായിരുന്ന അച്ഛൻ ജേക്കബിന്റെ ജോലിയുമായി ബന്ധപ്പെട്ടാണ് ഷബീനയുടെ കുടുംബം കുമാരപുരത്ത് താമസമായത്. സ്റ്റേറ്റ് ബാങ്ക് ഒഫ് ട്രാവൻകൂർ ഉദ്യോഗസ്ഥ എന്നതിനൊപ്പം വനിതാ ക്രിക്കറ്റ് ടീം സെലക്ഷൻ കമ്മിറ്റി അംഗമായും പ്രവർത്തിച്ചു. 5 വർഷമായി സെലക്ഷൻ കമ്മിറ്റി അദ്ധ്യക്ഷയായി പ്രവർത്തിച്ചുവരികയായിരുന്നു. ഒരു വർഷത്തോളം കാൻസറിന് ചികിത്സയിലായിരുന്ന ഷബീന രണ്ടാഴ്ച മുൻപ് വരെ ആരോഗ്യവതിയായിരുന്നെന്ന് സുഹൃത്തുക്കൾ ഓർമിക്കുന്നു. ഒരാഴ്ചക്കിടെയാണ് ആരോഗ്യനില വഷളായത്.