തിരുവനന്തപുരം: കരമന കൂടത്തിൽ തറവാട്ടിലെ ദുരൂഹമരണങ്ങളിൽ ആദ്യ അന്വേഷണം 2012 ൽ സംഭവിച്ച ജയപ്രകാശിന്റെ മരണം സംബന്ധിച്ച്. തുടർന്ന് ജയമാധവൻ നായരുടെ മരണത്തിലേക്ക് അന്വേഷണം നീളും.
തറവാട്ടു കാരണവരായ ഗോപിനാഥൻ നായരുടെ ഭാര്യ സുമുഖിയമ്മ 2008 ൽ മരണമടഞ്ഞതോടെയാണ് കോടികളുടെ സ്വത്ത് മകൻ ജയപ്രകാശിലെത്തിയത്. ഇദ്ദേഹത്തിന്റെ മരണശേഷം ഗോപിനാഥൻ നായരുടെ ജേഷ്ഠന്റെ മകൻ ജയമാധവൻ നായർ അവകാശിയായി. അന്വേഷണം സംബന്ധിച്ച കാര്യങ്ങളിൽ അന്തിമ തീരുമാനമെടുക്കാൻ ക്രൈം ഡി.സി.പിയുടെ നേതൃത്വത്തിൽ യോഗം ചേരുമെന്നാണ് വിവരം.
കുടുംബത്തിൽ നടന്ന ഭൂമി കൈമാറ്റങ്ങളുമായി ബന്ധപ്പെട്ട റവന്യൂ, കോടതി രേഖകളും പൊലീസ് ഉടൻ ശേഖരിക്കും. കൂടത്തിൽ തറവാടിന് എവിടെയെല്ലാം ഭൂസ്വത്തുക്കളുണ്ട്, ഭൂമി ആർക്കെല്ലാം കൈമാറിയിട്ടുണ്ട് തുടങ്ങിയ കാര്യങ്ങൾ വിശദമായി അന്വേഷിക്കും. ജയമാധവൻ മരിച്ചതിനു ശേഷം ഭൂമിയിൽ അവകാശവാദം ഉന്നയിച്ച് കോടതിയിൽ എത്തിയവരെ കുറിച്ചും പ്രാഥമിക ഘട്ടത്തിൽ അന്വേഷിക്കും.
അതേസമയം ജയപ്രകാശിന്റെയും ജയമാധവൻ നായരുടെയും മരണങ്ങളെകുറിച്ച് അന്വേഷിക്കാൻ തീരുമാനിച്ചെങ്കിലും ഇത് അന്വേഷണ സംഘത്തിന് കനത്ത വെല്ലുവിളിയുയർത്തും. ഇരുവരുടെയും മരണം കൊലപാതകമാണോ എന്ന് വ്യക്തമാകാൻ ശാസ്ത്രീയ പരിശോധനാഫലം വേണം. മൃതദേഹങ്ങൾ സംസ്‌കരിച്ചതിനാൽ ശാസ്ത്രീയ തെളിവു ശേഖരണം നടക്കില്ല. ഇരുവരുടെയും സംസ്‌കാരം നടത്തിയത് സ്വത്ത് തട്ടിയെടുത്തെന്ന് ആരോപണം നേരിടുന്ന കാര്യസ്ഥൻ രവീന്ദ്രൻ നായരാണ്. പരമാവധി മൊഴികളും സാഹചര്യ തെളിവുകളും ആദ്യഘട്ടത്തിൽ ശേഖരിക്കും.
കാര്യസ്ഥനെതിരെ മൊഴി
കാര്യസ്ഥനായ രവീന്ദ്രൻ നായർക്കെതിരെ, മരിച്ച ജയമാധവന്റെ അച്ഛന്റെ അനന്തരവൾ ആനന്ദവല്ലി രംഗത്തെത്തി. കുടുംബത്തിലെ ആരുടെയും മരണവിവരം കാര്യസ്ഥൻ തങ്ങളെ അറിയിച്ചിട്ടില്ലെന്നാണ് ആനന്ദവല്ലിയുടെ ആരോപണം. ജയമാധവൻ രവീന്ദ്രൻ നായർക്ക് സ്വത്ത് എഴുതിവയ്ക്കാൻ ഒരു സാദ്ധ്യതയും ഇല്ലെന്നും ഇവർ പറഞ്ഞു.