വിഴിഞ്ഞം: ശക്തമായ തിരയടിയെ തുടർന്ന് ബെർത്ത് നിർമ്മാണവുമായി ബന്ധപ്പെട്ടുള്ള പൈലിംഗ് നടത്തുന്നതിന് വേണ്ടി എത്തിച്ച പോണ്ടൂണിനെ താങ്ങി നിറുത്തുന്ന തൂണുകൾ തകർന്നു.
ഇതോടെ കോസ്റ്റ് ഗാർഡിന് വേണ്ടി പണിയുന്ന ബെർത്ത് നിർമ്മാണം അനിശ്ചിതത്വത്തിലായി. താത്കാലികമായി പൈലിംഗ് പണികൾ നിറുത്തിവച്ചതായി അധികൃതർ പറഞ്ഞു. പ്രാദേശിക തർക്കങ്ങളും സാങ്കേതിക തടസങ്ങളുമടക്കമുള്ള നിരവധി പ്രശ്‌നങ്ങൾ തരണം ചെയ്താണ് ബെർത്ത് നിർമ്മാണം തുടങ്ങിയത്. തിരയുടെ തള്ളലിൽ പോണ്ടൂണിനെ വാർഫിൽ ബന്ധിച്ചിരുന്ന സിമന്റ് നിർമ്മിത ബൊള്ളാടുകൾ തകർന്നു. 9 കോടി രൂപയാണ് പദ്ധതി ചെലവ്. തുറമുഖ എൻജിനിയറിംഗ് വകുപ്പിനാണ് നിർമ്മാണച്ചുമതല. സീവേർഡ് വാർഫിൽ 72 മീറ്റർ നീളത്തിലും 15 മുതൽ 20 മീറ്റർ വരെ വിതിയിലുമാണ് ബെർത്ത് നിർമ്മിക്കുന്നത്. 52 പൈലുകളാണ് ജെട്ടി നിർമ്മാണത്തിനായി വേണ്ടത്. ഒന്നാം ഘട്ടത്തിൽ 32 പൈലുകൾ പൂർത്തിയാക്കും ഒരു വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കുകയാണ് ലക്ഷ്യം.