തിരുവനന്തപുരം: കരമനയിലെ ഏഴ് ദുരൂഹമരണങ്ങളുടെയും സ്വത്ത് തട്ടിപ്പിന്റെയും സത്യാവസ്ഥ കണ്ടെത്താൻ പൊലീസ് വേഷം മാറി അന്വേഷണം നടത്തി. താടി വളർത്തി ഭൂമി കച്ചവടക്കാരായും താലൂക്ക് ഓഫീസിലെ ജീവനക്കാരായും പൊലീസ് ആരോപണ വിധേയരെയും പരാതിക്കാരെയും സമീപിച്ചു. രഹസ്യാന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥരായിരുന്നു തന്ത്രപരമായ ഈ നീക്കങ്ങൾക്ക് പിന്നിൽ.
പരാതിക്കു പിന്നിൽ സ്വത്തു തർക്കമാണെന്ന് വ്യക്തമായെങ്കിലും ഗുരുതരമായ ചില ക്രമക്കേടുകൾ ഈ അന്വേഷണത്തിലൂടെ കണ്ടെത്തി. ആരോപണവിധേയരുടെ മൊഴികളിലെ പൊരുത്തക്കേടുകൾ മനസിലായതോടെയാണ് സംഭവത്തിൽ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും നിർദ്ദേശിച്ചത്.
അവസാനം മരിച്ച ജയമാധവന്റെ നെറ്റിയിൽ മുറിവേറ്റ പാടുണ്ടായിരുന്നെന്ന വിവരം ഉദ്യോഗസ്ഥർക്ക് ലഭിച്ചു. കട്ടിലിൽനിന്നു വീണതോ കതകിൽ തലയിടിച്ചതോ ആകാമെന്നു വീടിനോട് അടുപ്പമുള്ളവർ പറഞ്ഞെങ്കിലും നാട്ടുകാർക്ക് സംശയമുണ്ടായിരുന്നു. കാര്യസ്ഥൻ രവീന്ദ്രൻ നായർക്കു നേരെയാണ് ആരോപണം ഉയർന്നത്. ജയമാധവൻനായർ മരിച്ചപ്പോൾ വീട്ടുജോലികൾ ചെയ്യാൻ വരുന്ന സ്ത്രീയെ വിളിച്ചുവരുത്തി. അയൽവാസി തന്റെ ഓട്ടോറിക്ഷ പാർക്കു ചെയ്യുന്നത് കൂടത്തിൽ തറവാട്ടിലാണ്. അയാളെ വിളിക്കാതെ ഓട്ടോറിക്ഷ സ്റ്റാൻഡിലെത്തി മറ്റൊരു ഓട്ടോ വിളിച്ചു ജയമാധവൻ നായരെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടപോയി. ജോലിക്കാരിയും ഒപ്പമുണ്ടായിരുന്നു.