ജന്മദിനത്തിൽ ഡേവിഡ് വാർണർക്ക് ആദ്യ ട്വന്റി 20 സെഞ്ച്വറി
(100 നോട്ടൗട്ട്)
ആസ്ട്രേലിയയ്ക്ക് 134 റൺസ് ജയം
ശ്രീലങ്കയ്ക്കെതിരെ
അഡ്ലെയ്ഡ് : അന്താരാഷ്ട്ര ട്വന്റി 20 കരിയറിലെ ആദ്യ സെഞ്ച്വറി നേടിയ ഒാപ്പണർ ഡേവിഡ് വാർണറുടെ (56 പന്തുകളിൽ 100 നോട്ടൗട്ട്) മികവിൽ ശ്രീലങ്കയ്ക്കെതിരായ മൂന്ന് മത്സര പരമ്പരയിലെ ആദ്യ ട്വന്റി 20 യിൽ ആസ്ട്രേലിയയ്ക്ക് തകർപ്പൻ ജയം.
അഡ്ലെയ്ഡിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ആസ്ട്രേലിയ 233/2 എന്ന സ്കോർ ഉയർത്തിയപ്പോൾ ശ്രീലങ്ക 99/9 എന്ന സ്കോറിൽ ഒതുങ്ങുകയായിരുന്നു.
233/2
. ടോസ് നേടിയ ശ്രീലങ്ക ആസ്ട്രേലിയയെ ആദ്യ ബാറ്റിംഗിന് വിടുകയായിരുന്നു.
. ഒന്നാം വിക്കറ്റിൽ 65 പന്തുകളിൽനിന്ന് വാർണറും ഫിഞ്ചും ചേർന്ന് അടിച്ചുകൂട്ടിയത് 122 റൺസാണ്.
. 36 പന്തുകളിൽ എട്ട് ഫോറും മൂന്ന് സിക്സുമടക്കം 64 റൺസടിച്ചാണ് നായകനായ ഫിഞ്ച് മടങ്ങിയത്.
. തുടർന്നിറങ്ങിയ മാക്‌സ്‌വെൽ 28 പന്തിൽ ഏഴ് ഫോറും മൂന്ന് സിക്‌സുമടക്കം 62 റൺസടിച്ചതോടെ ആതിഥേയർ 229 ലെത്തി.
. 56 പന്തുകൾ നേരിട്ട വാർണർ 10 ബൗണ്ടറികളും നാല് സിക്‌സുകളും പറത്തിയാണ് കന്നി അന്താരാഷ്ട്ര ട്വന്റി 20 സെഞ്ച്വറി നേടിയത്.
. ശ്രീലങ്കൻ ബൗളർ കസുൻ രജിത നാലോവറിൽ വഴങ്ങിയത് 75 റൺസാണ്.
99/9
ശ്രീലങ്ക
. മറുപടിക്കിറങ്ങിയ ശ്രീലങ്ക ആദ്യ ഒാവറിൽ ആദ്യ റൺസ് നേടിയതിന് പിന്നാലെ ആദ്യ വിക്കറ്റും നഷ്ടമായി.
. ഒാപ്പണർ കുശാൽ മെൻഡിസിന് (0) പിന്നാലെ ഗുണതിലക (11), രാജപാക്‌സ (2), എന്നിവർ കൂടാരം കയറിയതോടെ ലങ്ക 13/3 എന്ന നിലയിലായി.
. കുശാൽ പെരേര (16), ഒഷാഡ ഫെർണാൻഡോ (13), ഷനക (17) എന്നിവരുടെ ചെറുത്തുനിൽപ്പുകൂടി കഴിഞ്ഞതോടെ ലങ്ക തകർന്നു.
. ആദ്യ 56 റൺസെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റുകൾ നഷ്ടമായിരുന്ന ലങ്കയ്ക്ക് 49 റൺസ് കൂടി നേടുന്നതിനെ ബാക്കി അഞ്ചുവിക്കറ്റുകളും നഷ്ടമായി.
. സ്പിന്നർ ആദം സാംപ മൂന്ന് വിക്കറ്റുകൾ നേടിയപ്പോൾ മിച്ചൽ സ്റ്റാർക്ക്, കമ്മിൻസ് എന്നിവർക്ക് രണ്ട് വിക്കറ്റുകൾ വീതം ലഭിച്ചു. ആഷ്ടൺ അഗർ ഒരു വിക്കറ്റ് നേടി.
. ഡേവിഡ് വാർണറാണ് മാൻ ഒഫ് ദ മാച്ച്.
. പരമ്പരയിലെ രണ്ടാം മത്സരം 30ന് ബ്രിസ്ബേനിൽ നടക്കും.
33
തന്റെ മുപ്പത്തിമൂന്നാം ജന്മദിനത്തിലായിരുന്നു വാർണറുടെ വെടിക്കെട്ട് സെഞ്ച്വറി ആഘോഷം.
2007 ൽ ഇംഗ്ളണ്ടിനെ 221 റൺസിന് സിഡ്നിയിൽ കീഴടക്കിയ ശേഷം ട്വന്റി 20 യിൽ ആസ്ട്രേലിയയുടെ സ്വന്തം മണ്ണിലെ ഏറ്റവും ഉയർന്ന വിജയമാർജിൻ.