koodathil

തിരുവനന്തപുരം: കരമന കൂടത്തിൽ കുടുംബത്തിലെ അസ്വാഭാവിക മരണങ്ങളെക്കുറിച്ചുള്ള പ്രാഥമിക അന്വേഷണത്തിൽ പൊലീസ് വരുത്തിയത് ഗുരുതര വീഴ്ചകൾ. 2017ൽ മരിച്ച ജയമാധവൻ നായരുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ മരണകാരണം വ്യക്തമാക്കിയിട്ടില്ല. ജയമാധവന്റെ ഇടത് പുരികത്തിനു മുകളിലായും മുഖത്തും പരിക്കുകളുണ്ട്. ആന്തരാവയവ പരിശോധനയിൽ മാത്രമേ മരണകാരണം കണ്ടെത്താനാകൂ എന്ന് റിപ്പോർട്ടിൽ വ്യക്തമായിരുന്നു. എന്നാൽ പരിശോധനാ റിപ്പോർട്ട് കരമന പൊലീസ് ഇതുവരെ വാങ്ങിയിട്ടില്ല.

2012 ൽ രക്തം ഛർദിച്ചു മരിച്ചതായി പറയപ്പെടുന്ന ജയപ്രകാശിന്റെ പോസ്റ്റ്മോർട്ടം നടത്താൻ പോലും പൊലീസ് തയ്യാറായില്ല. നെഞ്ചുവേദനയെ തുടർന്ന് കട്ടിലിൽ നിന്നു വീണ് രക്തം ഛർദിച്ചു മരിച്ചെന്നാണ് കാര്യസ്ഥനടക്കമുള്ളവർ ബന്ധുക്കളോടും നാട്ടുകാരോടും പറഞ്ഞത്. എന്നാൽ ഇതേക്കുറിച്ച് അന്വേഷണം നടത്തിയില്ല. ദുരൂഹ മരണത്തിൽ അന്വേഷണം വേണമെന്ന് ഒരു വർഷം മുമ്പ് ജില്ലാ ക്രൈംബ്രാഞ്ച് റിപ്പോർട്ട് നൽകിയിട്ടും കരമന പൊലീസ് അനങ്ങിയില്ല.

പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ ആന്തരാവയവ പരിശോധനാ ഫലം ആവശ്യപ്പെട്ട് അന്വേഷണസംഘം ഇന്ന് മെഡിക്കൽ കോളജ് ആശുപത്രി ലാബിന് കത്തു നൽകിയേക്കും.