vayalar-award

തിരുവനന്തപുരം: വയലാർ രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റിന്റെ 43-ാമത് വയലാർ രാമവർമ്മ സാഹിത്യ പുരസ്‌കാരം വി.ജെ ജയിംസിന് സമർപ്പിച്ചു. നിരീശ്വരൻ എന്ന നോവലിനാണ് പുരസ്‌കാരം. തിരുവനന്തപുരം നിശാഗന്ധിയിൽ നടന്ന അവാർഡ് സമർപ്പണ സമ്മേളനത്തിൽ ട്രസ്റ്റ് പ്രസിഡന്റ് പെരുമ്പടവം ശ്രീധരൻ അവാർഡ് സമ്മാനിച്ചു ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ രൂപകല്പന ചെയ്ത വെങ്കല ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. എം.കെ സാനു ട്രസ്റ്റ് അദ്ധ്യക്ഷ പദവി ഒഴിഞ്ഞതിനു ശേഷം നടക്കുന്ന ആദ്യത്തെ പുരസ്‌കാര സമർപ്പണ ചടങ്ങാണിത്.വയലാർ രാമവർമ്മയുടെ പേരിൽ പല സമിതികൾ അവാർഡുകൾ നൽകുന്നത് കവിയോടുള്ള ആദരമായിട്ടാണ് കാണുന്നതെന്നും എന്നാൽ വയലാർ ട്രസ്റ്റ് നൽകുന്ന പുരസ്‌കാരത്തോളം തലപ്പൊക്കം മറ്റൊന്നിനുമില്ലെന്നത് അഭിമാനാർഹമായ കാര്യമാണെന്നും പെരുമ്പടവം പറഞ്ഞു. എഴുത്തുകാരന്റെ കടമ എഴുതുക എന്നതു മാത്രമാണെന്നാണ് താൻ വിശ്വസിക്കുന്നതെന്ന് പുരസ്‌കാരം സ്വീകരിച്ച ശേഷം സംസാരിച്ച വി.ജ.ജയിംസ് പറഞ്ഞു. പുരസ്‌കാര പ്രഖ്യാപനത്തിനു തൊട്ടു മുമ്പ് എം.കെ.സാനു അദ്ധ്യക്ഷ പദവി ഒഴിഞ്ഞത് വിഷമമുണ്ടാക്കിയെന്നും എന്നാൽ അതൊന്നും ട്രസ്റ്റ് നൽകുന്ന പുരസ്‌കാരത്തിന്റെ പൊലിമ കുറയ്ക്കുന്നില്ലെന്നും റിപ്പോർട്ട് അവതരിപ്പിച്ച ട്രസ്റ്റ് സെക്രട്ടറി സി.വി.ത്രിവിക്രമൻ പറഞ്ഞു.

കവി പ്രഭാവർമ്മ പ്രശസ്തിപത്ര പാരായണവും സമർപ്പണവും നിർവഹിച്ചു. പ്രൊഫ.ജി.ബാലചന്ദ്രൻ ആമുഖഭാഷണവും ബി.സതീശൻ നന്ദിയും പറഞ്ഞു. ചടങ്ങിനു ശേഷം ശക്തിഗാഥയുടെ നേതൃത്വത്തിൽ വയലാർ ഗാനസന്ധ്യയും നടന്നു.