kollayil

പാറശാല : കൊല്ലയിൽ ഗ്രാമപഞ്ചായത്തിലെ എയ്‌തുകൊണ്ടാൻകാണി - കാട്ടുകുളം - ചെമ്പറ - പനയുംമൂല റോഡിന്റെ പുനർനിർമ്മാണ പ്രവർത്തനം സി.കെ. ഹരീന്ദ്രൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്‌തു. 2011-ൽ റോഡിന്റെ നിർമ്മാണത്തിനായി 90 ലക്ഷം രൂപയ്‌ക്ക് ഭരണാനുമതി നൽകിയിരുന്നു. എന്നാൽ കരാറെടുത്ത കോൺട്രാക്ടർ റോഡിന്റെ നിർമ്മാണം 23 ശതമാനം മാത്രം നടത്തിയ ശേഷം ഉപേക്ഷിച്ചു.

പൊറുതിമുട്ടിയ നാട്ടുകാർ സർക്കാരിന് നിരവധി പരാതികൾ സമർപ്പിച്ചെങ്കിലും നടപടിയുണ്ടായിരുന്നില്ല. അതിനിടെ പഴയ കരാർ റദ്ദാക്കുകയും റോഡിന്റെ നവീകരണത്തിനായി ഒരു കോടി 20 ലക്ഷം രൂപ അനുവദിക്കുകയുമായിരുന്നു. പുതിയ പദ്ധതിയിൽ 1251 മീറ്റർ നീളമുള്ള റോഡിന്റെ നവീകരണമാണ് നടത്തുന്നത്.

മൂന്ന് റീച്ചുകളായിട്ടാണ് നടപ്പിലാക്കുന്നത്. ആദ്യത്തെ രണ്ട് റീച്ചുകളിൽ ഉപരിതലം ബലപ്പെടുത്തിയ ശേഷം 40 മില്ലിമീറ്റർ കനത്തിൽ ടാറിംഗ് നടത്തും. മൂന്നാമത്തെ റീച്ചിൽ നിലവിലുള്ള ടാറിന്റെ വീതി കൂട്ടി ഉപരിതലം 40 മില്ലിമീറ്റർ കനത്തിലും ടാറിംഗ് നടത്തും. ഒപ്പം ആവശ്യമായ സ്ഥലങ്ങളിൽ ഓടയും സംരക്ഷണ ഭിത്തിയും നിർമ്മിക്കും.