gokulam-fc

ചിറ്റഗോംഗ് : ബംഗ്ളാദേശിൽ നടക്കുന്ന ഷെയ്ഖ് കമാൽ ഇന്റർനാഷണൽ ക്ളബ് കപ്പ് ഫുട്ബാൾ ടൂർണമെന്റിന്റെ സെമിഫൈനലിൽ ഗോകുലം കേരള എഫ്.സി ഇന്ന് ചിറ്റഗോംഗ് അബഹാനിയെ നേരിടും.

ഡുറൻഡ് കപ്പ് ജേതാക്കളായ ഗോകുലം എഫ്.സി മിന്നുന്ന രണ്ട് വിജയങ്ങളോടെയാണ് സെമി ഫൈനലിൽ പ്രവേശിച്ചത്. ആദ്യ മത്സരത്തിൽ ബംഗ്ളാദേശ് പ്രിമിയർ ലീഗ് ചാമ്പ്യൻമാരായ ബഷുന്ധര കിംഗിനെയും മൂന്നാം മത്സരത്തിൽ ഐ ലീഗ് ചാമ്പ്യൻമാരായ ചെന്നൈ സിറ്റി എഫ്.സിയെയുമാണ് കീഴടക്കിയത്. രണ്ടുതവണ മലേഷ്യൻ പ്രിമിയർലീഗ് ചാമ്പ്യൻമാരായിട്ടുള്ള തെരെൻ ഗാനു എഫ്.സിയോട് സമനിലയിൽ പിരിയുകയും ചെയ്തു.

ഗോകുലം നായകൻ മാർക്കസ് ജോസഫ് അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുത്ത് ബംഗ്ളാദേശിലേക്ക് എത്തിയിരുന്നുവെങ്കിലും കഴിഞ്ഞ മത്സരങ്ങളിൽ പകരക്കാരനായാണ് കളിപ്പിച്ചത്. മാർക്കസിന് പകരമിറക്കിയ മറ്റൊരു ട്രിനിഡാഡ് ആൻഡ് ടുബാഗോ താരം നഥാനിയേൽ ഗാർഷ്യയും ഉഗാണ്ടൻ താരം ഹെൻറി കിസേക്കയും മികച്ച പ്രകടനമാണ് കാഴ്ചവച്ചിരുന്നത്. കഴിഞ്ഞ മൂന്നുമത്സരങ്ങളിൽ നിന്ന് കിസേക്ക മൂന്ന് ഗോളുകൾ നേടിയിരുന്നു.

നാളെ നടക്കുന്ന രണ്ടാം സെമിഫൈനലിൽ ഇന്ത്യൻ ക്ളബ് മോഹൻ ബഗാൻ മലേഷ്യൻ ക്ളബ് തെരെഗാനു എഫ്.സിയെ നേരിടും . വ്യാഴാഴ്ചയാണ് ഫൈനൽ.

ലൈവ് : വൈകിട്ട് 6.30 മുതൽ ഷെയ്ഖ് കമാൽ ഇന്റർനാഷണൽ ക്ളബ് കപ്പിന്റെ ഫേസ്ബുക്ക് പേജിൽ.