ജോഹന്നാസ് ബർഗ് : ഇന്ത്യയിൽ മൂന്ന് ടെസ്റ്റുകളിലും തോറ്റ് തുന്നംപാടി നാട്ടിൽ തിരിച്ചെത്തിയ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ക്യാപ്ടൻ ഫാഫ് ഡുപ്ളെസി തോൽവിയെ ന്യായീകരിക്കാൻ വിചിത്രവാദങ്ങൾ നിരത്തുന്നു.
എല്ലാ മത്സരങ്ങളിലും ടോസ് നഷ്ടമായതാണ് തോൽവിക്ക് പ്രധാന കാരണമെന്നാണ് ഡുപ്ളെസി പറയുന്നത്.
'എല്ലാ കളിയിലും അവർ ടോസ് നേടും ആദ്യം ബാറ്റ് ചെയ്യും. 500 റൺസടിക്കും. വൈകിട്ട് ഇരുട്ടാകുമ്പോൾ ഡിക്ളയർ ചെയ്യും. ഇരുട്ടത്ത് ഞങ്ങളെ ബാറ്റിംഗിനിറക്കി മൂന്ന് വിക്കറ്റും വീഴ്ത്തി. ഇതോടെ ഞങ്ങൾ സമ്മർദ്ദത്തിലാകും. പിന്നെങ്ങനെ ജയിക്കാനും"? ഡുപ്ളെസി ചോദിക്കുന്നു. തങ്ങളുടെ വിധി എല്ലാമത്സരത്തിലും ഒരേപോലെ പകർത്തപ്പെട്ടു എന്നും ഡുപ്ളെസി പറഞ്ഞു.
വിദേശ പര്യടനത്തിന് എത്തുന്ന ടീമുകൾക്ക് ടോസ് നൽകുകയാണെങ്കിൽ പിച്ചിന് അനുസരിച്ച് തീരുമാനമെടുക്കാമെന്നും അതിനുള്ള നിയമഭേദഗതി കൊണ്ടുവരണമെന്നും ഡുപ്ളെസി അഭിപ്രായപ്പെട്ടു. ഏഷ്യൻമണ്ണിൽ തുടർച്ചയായ ഒൻപതാം ടെസ്റ്റിലും ടോസ് നഷ്ടമായതിനെ തുടർന്ന് ഡുപ്ളെസി റാഞ്ചി ടെസ്റ്റിൽ ടോസ് വിളിക്കാനായി ടെംപ ബൗമയെ താത്കാലിക ക്യാപ്ടനാക്കിയിരുന്നു. ഇതും ഫലം കാണാതെവന്നതോടെ ഗ്രേം സ്മിത്ത് അടക്കമുള്ള മുൻ താരങ്ങൾ ഡുപ്ളെസിയെ കണക്കിന് വിമർശിച്ചിരുന്നു.
ആദ്യ ഡേ ആൻഡ് നൈറ്റ് ടെസ്റ്റ്
ഇൗഡനിൽ?
കൊൽക്കത്ത : ബംഗ്ളാദേശിനെതിരെ അടുത്തമാസം ഇൗഡൻ ഗാർഡൻസിൽ നടക്കുന്ന രണ്ടാംടെസ്റ്റ് പകലും രാത്രിയുമായി സംഘടിപ്പിക്കാൻ സാദ്ധ്യത. പുതിയ ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി ഇന്ത്യയിൽ ആദ്യമായി ഡേ ആൻഡ് നൈറ്റ് ടെസ്റ്റ് നടത്താൻ താത്പര്യം പ്രകടിപ്പിച്ചിരുന്നു. ക്യാപ്ടൻ വിരാട് കൊഹ്‌ലിയുമായി ഗാംഗുലി ഇക്കാര്യം ചർച്ച ചെയ്തിരുന്നു. കൊഹ്‌ലി അനുകൂല അഭിപ്രായം അറിയിച്ചുവെന്നും ഗാംഗുലി പറഞ്ഞിരുന്നു. നേരത്തെ ബി.സി.സി.ഐ ഭാരവാഹികളുടെ എതിർപ്പ് മൂലമാണ് ഇന്ത്യയിൽ ഡേ ആൻഡ് നൈറ്റ് ടെസ്റ്റുകൾ നടക്കാതിരുന്നത്.
ആഷ്‌ലി ബാർട്ടിക്ക് ജയം
ഹോംഗ്കോംഗ് : ഡബ്‌ളിയു.ടി.എ ഡേർഡ് സിരീസ് ഫൈനൽസിലെ ആദ്യ മത്സരത്തിൽ ലോക ഒന്നാം നമ്പർ താരവും ഫ്രഞ്ച് ഒാപ്പൺ ചാമ്പ്യനുമായ ആസ്ട്രേലിയൻ വനിതാ താരം ആഷ്‌ലി ബാർട്ടിക്ക് വിജയം. സ്വിറ്റ്സർലൻഡിന്റെ ബെലിൻഡ ബെൻസിച്ചിനെ 5-7, 6-1, 6-2 നാണ് ബാർട്ടി കീഴടക്കിയത്. മറ്റൊരു മത്സരത്തിൽ മുൻ ഒന്നാം റാങ്കുകാരി നൊസോമി ഒസാക്ക 7-6, 4-6, 6-4ന് പെട്ര ക്വിറ്റോവയെ കീഴടക്കിയിരുന്നു.