. ഇന്ത്യയുടെ സാത്വിക് സായ്‌രാജ്-ചിരാഗ്
ഷെട്ടി സഖ്യം ഫ്രഞ്ച് ഒാപ്പൺ
ബാഡ്മിന്റൺ ഡബിൾസ് ഫൈനലിൽ തോറ്റു
. ഫൈനലിൽ തോൽപ്പിച്ചത് ഒന്നാം റാങ്കുകാർ
. കരോളിന മാരിനെ അട്ടിമറിച്ച് അൻ സെ യുംഗിന് വനിതാ കിരീടം
പാരീസ് : ഫ്രഞ്ച് ഒാപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിൽ ചരിത്രമെഴുതി പുരുഷ ഡബിൾസ് ഫൈനലിൽ എത്തിയ ഇന്ത്യയുടെ സാത്വിക് സായ് രാജ്-ചിരാഗ് ഷെട്ടി സഖ്യത്തിന് തോൽവി.
ഫൈനലിൽ ലോക ഒന്നാം നമ്പർ ഇന്തോനേഷ്യൻ സഖ്യമായ മാർക്കസ് ഫെനാൽഡി ഗിഡിയോള്ളം കെവിൻ സുകാമുൽ ജോയുമാണ് സാത്വിക് സായ് രാജ് -ചിരാഗ് ഷെട്ടി സഖ്യത്തിനെ നേരിട്ടുള്ള ഗെയിമുകൾക്ക് തോൽപ്പിച്ചത്. സ്കോർ :21-18,21-16 . ഇന്തോനേഷ്യൻ താരങ്ങൾക്കെതിരെ കളിച്ച കഴിഞ്ഞ ആറ് മത്സരങ്ങളിലും ഇന്ത്യൻ താരങ്ങൾ തോൽവി അറിഞ്ഞിരുന്നു.
സീഡ് ചെയ്യപ്പെടാത്തവരായി ടൂർണമെന്റിനെത്തിയ ഇന്ത്യൻ സഖ്യം സെമിഫൈനലിൽ അഞ്ചാം സീഡുകളായ ജപ്പാന്റെ ഹിരോയുകി എൻഡോ യുത വതാം ബെ സഖ്യത്തെയാണ് നേരിട്ടുള്ള ഗെയിമുകൾക്ക് കീഴടക്കിയത്. 50 മിനിട്ട് നീണ്ട മത്സരത്തിൽ 21-11, 25-23 നായിരുന്നു ഇന്ത്യൻ സഖ്യത്തിന്റെ വിജയം.
ജാപ്പനീസ് സഖ്യത്തോട് കഴിഞ്ഞ രണ്ട് പോരാട്ടങ്ങളിലും ഇന്ത്യൻ സഖ്യം പരാജയപ്പെട്ടിരുന്നു. അതിനുള്ള മറുപടിയായ ഇൗ വിജയത്തിൽ മറ്റൊരു കൗതുകവുമുണ്ട്. 2018 വരെ സാത്വിക് സായ് രാജിനെയും ചിരാഗിനെയും പരിശീലിപ്പിച്ചിരുന്ന കിംടാൻഹെർ ആണ് ഇപ്പോൾ ജാപ്പനീസ് സഖ്യത്തെ പരിശീലിപ്പിക്കുന്നത്.
ഇൗവർഷം സാത്വിക് സായ് രാജും ചിരാഗും കളിക്കുന്ന രണ്ടാമത്തെ ഫൈനലാണിത്. രണ്ടുമാസംമുമ്പ് ഇൗ സഖ്യം തായ്‌ലൻഡ് ഒാപ്പൺ സൂപ്പർ 500 കിരീടം നേടിയിരുന്നു.
അതേസമയം ഇന്നലെ നടന്ന വനിതാ സിംഗിൾസ് ഫൈനലിൽ ഒളിമ്പിക് ചാമ്പ്യൻ കരോളിന മാരിനെ അട്ടിമറിച്ച് കൊറിയൻ കൗമാര താരംഅൻ സെ യംഗ് കിരീടം നേടി. മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിൽ 16-21, 21-18, 21-15 എന്ന സ്കോറിനായിരുന്നു 17 കാരിയായ യംഗിന്റെ വിജയം. ആദ്യ ഗെയിമിൽ വിജയിച്ച മാരിന് പിന്നീട് യംഗിന്റെ കരുത്തിന് മുന്നിൽ പിടിച്ചുനിൽക്കാനായില്ല.
നേരത്തെ ക്വാർട്ടർ ഫൈനലിൽ ഇന്ത്യൻ പ്രതീക്ഷയായിരുന്ന സൈന നെഹ്‌വാളിനെ തോൽപ്പിച്ചത് അൻ സെ യംഗായിരുന്നു. തുടർന്ന് സെമിയിൽ രണ്ടാംസീഡ് ജാപ്പനീസ് താരം അകാനെ യമാഗുച്ചിയെ അട്ടിമറിച്ചാണ് യംഗ് ഫൈനലിലെത്തിയത്.