കാട്ടാക്കട: തിരുവനന്തപുരം- കാട്ടാക്കട റോഡിലെ വെള്ളക്കെട്ട് കാരണം വഴിനടക്കാൻ കഴിയാത്ത വിധം പൊറുതിമുട്ടിയിരിക്കുകയാണ് യാത്രക്കാർ. പെട്രോൾ പമ്പ് കഴിഞ്ഞുള്ള പ്രദേശത്തെ സ്ഥിരമായ വെള്ളക്കെട്ട് കാരണം ആർക്കും വഴി നടക്കാൻ കഴിയുന്നില്ല. വില്ലനാകുന്നത് മഴവെള്ളം മാത്രമല്ല, സമീപത്തെ ഓടയിൽ നിന്നുള്ള മലിനജലവും ഒപ്പമുണ്ട്. നാളുകളായി മുടങ്ങാതെ പെയ്യുന്ന മഴയിൽ പ്രദേശത്ത് വെള്ളക്കെട്ട് പതിവാണ്. വെള്ളം ഒഴികിപ്പോകാനുള്ള പി.ഡ.ബ്ല്യു.ഡി വക ഓടയാകട്ടെ മാലിന്യം കുന്നുകൂടി വെള്ളം ഒഴുകാൻ കഴിയാത്ത വിധം അടഞ്ഞു. സമീപത്തെ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും വീടുകളിൽ നിന്നുമുള്ള മലിനജലവും മഴവെള്ളത്തോടൊപ്പം റോഡിലേക്ക് ഒഴുകും. പിന്നെ മുട്ടോളം വെള്ളമാകും.
കുളത്തുമ്മൽ ഹയർ സെക്കൻഡറി സ്കൂളിലേക്ക് പോകുന്ന കുട്ടികൾക്കാണ് ഏറെ ബുദ്ധിമുട്ട്. മലിനജലത്തിലൂടെ നടക്കുന്നതിനാൽ സാംക്രമിക രോഗങ്ങൾ പകരുമോയെന്ന ആശങ്കയും രക്ഷിതാക്കൾക്കുണ്ട്. ഈ ഭാഗത്തേക്കുള്ള വഴിയാത്രക്കാർക്കും മലിനജലത്തിൽ കൂടിയേ നടക്കാനാകൂ. വാഹനങ്ങൾ അമിത വേഗതയിൽ പായുമ്പോൾ മലിന ജലം വഴിയാത്രക്കാരുടെ ദേഹത്തേക്ക് തെറിക്കുന്നതും പതിവാണ്. കാട്ടാക്കട ടൗണിൽ ഓടകളുടെ നവീകരണം തകൃതിയായി നടക്കുമ്പോഴും ഈ ഭാഗം അധികൃതർ ഒഴിവാക്കുന്നതായും ആക്ഷേപമുണ്ട്. മുൻപ് വലിയതോതിൽ വെള്ളക്കെട്ടുണ്ടായപ്പോൾ പ്രദേശവാസികൾ പ്രതിഷേധിച്ചതോടെ ഗ്രാമ പഞ്ചായത്ത് ഇടപെട്ട് ഇവിടത്തെ അടഞ്ഞുകിടന്ന കലുങ്ക് വൃത്തിയാക്കി പ്രശ്നം പരിഹരിച്ചിരുന്നു. എന്നാൽ വീണ്ടും ഓടകളിൽ മാലിന്യ നിക്ഷേപം നടത്തി ഓട വെള്ളംപോകാത്ത തരത്തിലായി. ഇതിനെതിരെ നാട്ടുകാർ പരാതി നൽകിയിട്ടും വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടി ഉണ്ടാകുന്നില്ലെന്നാണ് പരാതി.
പ്രതികരണം
എസ്. അജിത കാട്ടാക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
പലതവണ ഗ്രാമ പഞ്ചായത്ത് ഇവിടെ ഓട വൃത്തിയാക്കിയതാണ്. വീണ്ടും മാലിന്യം നിറയുന്നതാണ് ഓടകൾ അടയാൻ കാരണമാകുന്നത്. വിഷയം അടിയന്തരമായി പി.ഡബ്ലിയു.ഡി അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവരും.
എ. മധുസൂദനൻ നായർ പി.ടി.എ പ്രസിഡന്റ്,
കുളത്തുമ്മൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ.
ജെ. രാജൻ. പി.ടി.എ വൈസ് പ്രസിഡന്റ്.
1200ൽപ്പരം വിദ്യാർത്ഥികളും നൂറുകണക്കിന് അദ്ധ്യാപകരും ഇവിടത്തെ വെള്ളക്കെട്ട് മറികടന്നുവേണം സ്കൂളിൽ എത്താൻ. പലപ്പോഴും വിദ്യാർത്ഥികൾ മലിനജലത്തിൽ മുങ്ങിയായിരിക്കും സ്കൂളിൽ എത്തുന്നത്. അടിയന്തരമായി റോഡിലെ വെള്ളക്കെട്ടിന് പി.ഡബ്ലിയു.ഡി പരിഹാരം കണ്ടില്ലെങ്കിൽ പി.ടി.എയുടെ ആഭിമുഖ്യത്തിൽ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടുപോകും.