തിരുവനന്തപുരം: സംസ്ഥാനത്ത് പാലിയേറ്റീവ് കെയർ നയത്തിന്റെ കരട് തയ്യാറായെന്നും ഉടൻ നിയമസഭയുടെ പരിഗണനയ്‌ക്ക് വയ്ക്കുമെന്നും മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. പരിചരണ രംഗത്തുള്ള സന്നദ്ധ സംഘടനകളെ ഏകോപിപ്പിച്ച് പാലിയേറ്റ് ഗ്രിഡുണ്ടാക്കുന്നതിനുള്ള രൂപരേഖ തയ്യാറാക്കിയെന്നും സജി ചെറിയാൻ, കെ. ബാബു, ഒ.ആർ. കേളു, കെ. കുഞ്ഞിരാമൻ എന്നിവർക്ക് മറുപടിയായി മന്ത്രി പറഞ്ഞു.
അമൃതും ആരോഗ്യവും പദ്ധതിയിലൂടെ മുഴുവൻ ജനങ്ങളുടെയും രക്തസമ്മർദ്ദം, ഷുഗർ നിലകൾ രേഖപ്പെടുത്തുന്നുണ്ട്. അർബുദം മുൻകൂട്ടി കണ്ടെത്തുന്നതിന്റെ ഭാഗമായി ജനസംഖ്യാടിസ്ഥാനത്തിലുള്ള രജിസ്ട്രി തയ്യാറാക്കുന്നുണ്ട്. മൂന്ന് ലക്ഷം രൂപയിൽ താഴെ വരുമാനമുള്ള കുടുംബങ്ങൾക്ക് പുതിയ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. കാരുണ്യ ചികിത്സാ സഹായം മാർച്ച് 31 വരെ തുടരും. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കുന്നതിന് തസ്തികകൾ അനുവദിക്കാൻ ധനവകുപ്പ് സമ്മതിച്ചതായും സജി ചെറിയാനെ മന്ത്രി അറിയിച്ചു.
പി.എസ്.സി: അന്വേഷണം
ശരിയായ ദിശയിൽ
പി.എസ്.സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ സർക്കാർ അനങ്ങാപ്പാറ നയം സ്വീകരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അന്വേഷണം ശരിയായ ദിശയിലാണ്. ഒരു കുറ്റവാളിയും രക്ഷപ്പെടില്ല. പരീക്ഷ എഴുതിയ എല്ലാവരും തെറ്റുകാരാണെന്ന സമീപനം സർക്കാരിനില്ലെന്നും തിരുവഞ്ചൂർ രാധാകൃഷ്‌ണന്റെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്രം ചർച്ചയ്‌ക്ക്
തയ്യാറാകണം
ആർ.സി.ഇ.പി കരാറുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളുമായി ചർച്ച നടത്താൻ കേന്ദ്രം തയ്യാറാകണം. ആർ.സി.ഇ.പി കരാറിൽ ഏർപ്പെടരുതെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്. ആസിയാൻ കരാറിനെ അനുകൂലിച്ച കോൺഗ്രസ് അടക്കം ആർ.സി.ഇ.പിയെ എതിർത്തത് നല്ല കാര്യമാണ്. ആരെതിർത്താലും തീരുമാനവുമായി മുന്നോട്ടുപോകുന്ന രീതിയാണ് കേന്ദ്രത്തിനുള്ളത്. നിവേദക സംഘത്തെ അയയ്ക്കണമെന്ന പ്രതിപക്ഷ നേതാവിന്റെ ആവശ്യം ആലോചിച്ച് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
റേഷൻ കാർഡിനായി
36.27 ലക്ഷം അപേക്ഷകൾ
പുതിയ റേഷൻ കാർഡ് ലഭിക്കുന്നതിനും പഴയതിൽ തിരുത്തലുകൾ വരുത്തുന്നതിനുമായി 36.27 ലക്ഷം അപേക്ഷകൾ ലഭിച്ചതായി രാജു എബ്രഹാമിനെ മന്ത്രി പി. തിലോത്തമൻ അറിയിച്ചു. മേയ് മുതൽ ജൂലായ് വരെ 58712 പേർ സംസ്ഥാനത്ത് റേഷൻ വാങ്ങിയിട്ടില്ലെന്നും എ.പി. അനിൽകുമാറിനെ മന്ത്രി അറിയിച്ചു.
സപ്ലൈകോയുടെ നെല്ല് സംഭരണത്തിനായി 50 മില്ലുകളുമായി കരാറിൽ ഏർപ്പെട്ടതായി കെ.എൻ.എ. ഖാദറിനെ മന്ത്രി അറിയിച്ചു. ഹോട്ടലുകളിൽ വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാത്തതുമായി ബന്ധപ്പെട്ട് ഏപ്രിൽ മുതൽ സെപ്‌തംബർ വരെ 207 കേസുകൾ രജിസ്റ്റർ ചെയ്‌തതായി ബി. സത്യനെ മന്ത്രി അറിയിച്ചു.