കല്ലമ്പലം: പുതുവസ്ത്രങ്ങളും വീണ്ടും ഉപയോഗിക്കാൻ കഴിയുന്ന അലക്കിത്തേച്ച വസ്ത്രങ്ങളും നൽകാൻ സന്മനസുള്ളവരെ സ്വാഗതം ചെയ്ത് ചെമ്മരുതി കുടുംബാരോഗ്യകേന്ദ്രം. സ്നേഹകുപ്പായം എന്ന പേരിലാണ് പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. ഇതിനായി കുടുംബാരോഗ്യകേന്ദ്രത്തിൽ പ്രത്യേക പെട്ടി സ്ഥാപിച്ചിട്ടുണ്ട്. ഇതിൽ പൊതുജനങ്ങൾക്ക് വീണ്ടും ഉപയോഗിക്കാൻ കഴിയുന്ന അലക്കിത്തേച്ച വസ്ത്രങ്ങളോ പുതുവസ്ത്രങ്ങളോ നിക്ഷേപിക്കാം. ആശുപത്രികളിൽ എത്തുന്ന നിർദ്ധന രോഗികളിലെ യഥാർത്ഥ ആവശ്യക്കാരെ കണ്ടെത്തി നല്ല വസ്ത്രങ്ങൾ അവർക്ക് ലഭ്യമാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. നവംബർ 2ന് നടക്കുന്ന പാലിയേറ്റീവ് കുടുംബ സംഗമത്തിൽ പദ്ധതിയുടെ ഉദ്ഘാടനം വി. ജോയി എം.എൽ.എ നിർവഹിക്കും. അന്നേദിവസം ഗൃഹ കേന്ദ്രീകൃത പരിചരണം നൽകിവരുന്ന 50 രോഗികൾക്ക് കൈത്തറി ബെഡ് ഷീറ്റുകളും മുൻകൂർ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് വാക്കിങ് സ്റ്റിക്കും വീൽചെയറുകളും വിതരണം ചെയ്യുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എ.എച്ച്. സലിം അറിയിച്ചു.