തിരുവനന്തപുരം: വാളയാറിൽ ദളിത് പെൺകുട്ടികൾ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷ നേതാക്കൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. കേരളത്തിലെ ഏത് ഏജൻസി അന്വേഷിച്ചാലും കേസ് തെളിയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
പ്രതികളെ രക്ഷിക്കാനാണ് സർക്കാരും പാർട്ടിയും ശ്രമിക്കുന്നത്. മുഖ്യമന്ത്രി ഇതേക്കുറിച്ച് ഒരക്ഷരം മിണ്ടുന്നില്ല. മുഖ്യമന്ത്രിയുടെ മൗനം കുറ്റസമ്മതമാണ്. പ്രതികളും പ്രോസിക്യൂഷനും ഒത്തുകളിയാണ് നടത്തിയത്. സർക്കാർ ഇരകൾക്കൊപ്പമല്ല, പ്രതികൾക്കൊപ്പമായിരുന്നു. ആദ്യ കുട്ടി മരിച്ചപ്പോൾ തന്നെ ശക്തമായ നടപടികൾ സ്വീകരിച്ചിരുന്നെങ്കിൽ രണ്ടാമത്തെ മരണം ഒഴിവാക്കാമായിരുന്നു. സംഭവത്തിൽ ശക്തമായ നടപടി ആവശ്യപ്പെട്ട് വി.എസ്. അച്യുതാനന്ദൻ സർക്കാരിന് കത്ത് നൽകിയിരുന്നു. അത് ഗൗരവമായി എടുത്തില്ല. പ്രതികൾക്കായി ഹാജരായ വ്യക്തിയാണ് പിന്നീട് ശിശുക്ഷേമസമിതി ചെയർമാനായത്.
ശിശുക്ഷേമസമിതി വെറും പാർട്ടി ഇടപാടായി മാറിയെന്ന് എം.കെ. മുനീർ പറഞ്ഞു. രണ്ട് കുറ്റകൃത്യങ്ങളുടെ കേസ് ആറു ഫയലുകളാക്കിയാണ് കോടതിയിലെത്തിച്ചതെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. പ്രതികളെ രക്ഷപ്പെടുത്താൻ തുനിഞ്ഞിറങ്ങിയ പോലെയാണ് പ്രോസിക്യൂഷൻ പ്രവർത്തിച്ചതെന്നും ഷാഫി വ്യക്തമാക്കി. പി.ജെ. ജോസഫും അനൂപ് ജേക്കബും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.