youth-congress
വാളയാർ കേസ് സി.ബി.ഐ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്സ് പാർലമെന്റ് മണ്ഡലം കമ്മിറ്റി പാലക്കാട് എസ്.പി.ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ പ്രവർത്തകരും പോലീസും തമ്മിൽ ഉണ്ടായ ഊന്തും തള്ളും.

തിരുവനന്തപുരം: വാളയാറിൽ ദളിത് വിഭാഗത്തിൽപ്പെട്ട രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതികളെ വെറുതേ വിട്ടതിൽ പൊലീസിന്റെയും പ്രോസിക്യൂഷന്റെയും വീഴ്ചകൾ ചൂണ്ടിക്കാട്ടിയും സി.പിഎമ്മാണ് അന്വഷണം അട്ടിമറിച്ചതെന്ന് ആരോപിച്ചും സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടും പ്രതിപക്ഷം നിയമസഭ സ്‌തംഭിപ്പിച്ചു.പീഡിപ്പിച്ച് കൊലപ്പെടുത്തിയ രണ്ട് പെൺകുട്ടികൾക്കും നീതി കിട്ടണമെന്ന് സർക്കാരിന് നിർബന്ധമുണ്ടെന്നും, പുനരന്വേഷണമാണോ സി.ബി.ഐ അന്വേഷണമാണോ വേണ്ടതെന്ന് പരിശോധിക്കാമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. ഇതിൽ പ്രതിപക്ഷം ശാന്തരായില്ല. സി.ബി.ഐ അന്വേഷണം നിയമസഭയിൽ പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

കേസ് അട്ടിമറിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. പ്രതികളെ വെറുതെ വിട്ടതിനെതിരെ അപ്പീൽ നൽകും. പ്രഗത്ഭനായ അഭിഭാഷകനെ കേസിനായി ചുമതലപ്പെടുത്തും. . ഈ സർക്കാരിന്റെ കാലത്ത് പട്ടികജാതിക്കാർക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾക്കെതിരെ ശക്തമായ നടപടി എടുത്തതായും മുഖ്യമന്ത്റി പറഞ്ഞു. തുടർന്ന്, സ്പീക്കറുടെ ഡയസിൽ കയറി പ്രതിപക്ഷ യുവ എംഎൽഎമാർ മുദ്റാവാക്യം മുഴക്കി ബഹളമുണ്ടാക്കിയതിനെത്തുടർന്ന് നടപടികൾ വേഗത്തിലാക്കി സഭ നേരത്തേ പിരിഞ്ഞു

ഒമ്പതും പതിമൂന്നും വയസുള്ള പട്ടികജാതിക്കാരായ സഹോദരിമാരെ കൊന്നുതള്ളിയ പ്രതികൾക്കു നാട്ടിൽ ഇറങ്ങി നടക്കാൻ അവസരമൊരുക്കിയത് അരിവാൾ പാർട്ടിക്കാരാണെന്ന് പാലക്കാട്ട് പാട്ടാണെന്ന് അടിയന്തര പ്രമേയ അവതരണത്തിന് അനുമതി തേടിയ കോൺ.അംഗം ഷാഫിപറമ്പിൽ ആരോപിച്ചു. സി.പി.എമ്മിന്റെ പ്രാദേശികനേതാക്കളാണ് പ്രതികളെ സ്റ്റേഷനിൽ നിന്നിറക്കിക്കൊണ്ടുപോയത്.

പ്രകൃതി വിരുദ്ധ പീഡനം നടന്നതായും കൊലപാതക സാദ്ധ്യതയുണ്ടെന്നും പോസ്റ്റുമാർട്ടം റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടും പൊലീസ് അനങ്ങിയില്ല.ഒമ്പതുകാരിക്ക് കട്ടിലിൽ കയറി തൂങ്ങിമരിക്കാനായി ഉയരത്തിൽ കുരുക്കിടാൻ കഴിയില്ലെന്ന് പോസ്റ്റുമാർട്ടം റിപ്പോർട്ടിലുണ്ടായിട്ടും കമ്പുകൊണ്ട് കയർ ഉയരത്തിലിട്ട് കുരുക്കിട്ടെന്ന് പൊലീസ് നിഗമനത്തിലെത്തി. പ്രതികൾക്കായി ഹാജരായ അഭിഭാഷകനെ പിന്നീട് ജില്ലാ ശിശുക്ഷേമസമിതി ചെയർമാനാക്കി. 90 ശതമാനം കേസും ഇദ്ദേഹമാണു പൂർത്തിയാക്കിയതെന്നും ഷാഫി പറഞ്ഞു.

വീഴ്ചയുണ്ടോയെന്ന് പരിശോധിക്കും

പ്രതികൾ ശിക്ഷിക്കപ്പെടാത്തത് നിർഭാഗ്യകരമാണെന്നും പ്രോസിക്യൂഷന്റെ പരാജയമാണോ പൊലീസിന്റെ വീഴ്ചയാണോ ഇതിനിടയാക്കിയതെന്ന് പരിശോധിക്കുമെന്നും മുഖ്യമന്ത്രി മറുപടി നൽകി.

ഇരകളുടെ പക്ഷത്താണ് സർക്കാർ. അതിൽ രാഷ്ട്രീയമില്ല. മനുഷ്യത്വവും നീതിയും മാത്രമാണ് പരിഗണിക്കുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

എന്നാൽ കേരളം ലജ്ജിച്ച് തലതാഴ്‌ത്തിയ സംഭവത്തിൽ സർക്കാർ ഇരകൾക്കൊപ്പമല്ല, വേട്ടക്കാർക്കൊപ്പമാണെന്ന് .പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. അന്വേഷണം അട്ടിമറിച്ചത് പാർട്ടിയാണ്. കേരള പൊലീസ് അന്വേഷിച്ചാൽ കേസ് തെളിയില്ലെന്നും ചെന്നിത്തല പറഞ്ഞു.

അടിയന്തരപ്രമേയത്തിന് സ്പീക്കർ അവതരണാനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി മുദ്രാവാക്യം മുഴക്കി. ഐ.സി.ബാലകൃഷ്‌ണൻ, എൽദോഎബ്രഹാം, റോജിജോൺ എന്നിവർ സ്പീക്കറുടെ പോഡിയത്തിലേയ്ക്കും. ഷാഫിപറമ്പിലിന്റെ നേതൃത്വത്തിൽ ഒരു സംഘം സ്പീക്കറുടെ ഡയസിലേയ്ക്കും കയറി. സ്പീക്കർ ശ്രദ്ധക്ഷണിക്കലിലേക്ക് കടന്നെങ്കിലും പ്രതിപക്ഷബഹളം ശക്തമായതോടെയാണ് നടപടികൾ വേഗത്തിലാക്കി സഭ പിരിഞ്ഞത്.

.