oath

തിരുവനന്തപുരം: പുതിയ അഞ്ച് എം.എൽ.എമാർ ഇന്നലെ നിയമസഭയിൽ സത്യപ്രതിജ്ഞ ചെയ്‌തു. യു.ഡി.എഫിലെ ടി.ജെ. വിനോദ് (എറണാകുളം), ഷാനിമോൾ ഉസ്‌മാൻ (അരൂർ), എം.സി. കമറുദ്ദീൻ (മഞ്ചേശ്വരം) എന്നിവർ ദൈവനാമത്തിലും, എൽ.ഡി.എഫിലെ കെ.യു. ജനീഷ്‌കുമാർ (കോന്നി), വി.കെ. പ്രശാന്ത് (വട്ടിയൂർക്കാവ്) എന്നിവർ സഗൗരവത്തിലുമാണ് പ്രതിജ്ഞയെടുത്തത്.
എം.സി. കമറുദ്ദീൻ കന്നഡയിലാണു പ്രതിജ്ഞയെടുത്തത്. നിയമസഭാ സമ്മേളനത്തിലെ ചോദ്യോത്തര വേളയ്‌ക്കു ശേഷം ശൂന്യവേളയുടെ തുടക്കത്തിൽ രാവിലെ പത്തിനായിരുന്നു സത്യപ്രതിജ്ഞ. കെ.യു. ജനീഷ്‌കുമാറിനെയാണ് സത്യപ്രജ്ഞയ്‌ക്കായി നിയമസഭാ സെക്രട്ടറി ആദ്യം ക്ഷണിച്ചത്. സത്യപ്രതിജ്ഞയ്‌ക്ക് ശേഷം ഡയസിലെത്തി സ്‌പീക്കർക്കു ഹസ്‌തദാനം നൽകി. തുടർന്നു മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാർക്കും പ്രതിപക്ഷ നേതാക്കൾക്കും അടുത്തെത്തി കൈ നൽകി.

രണ്ടാമതായെത്തിയ കമറുദ്ദീൻ മുഖ്യമന്ത്രിക്ക് ഹസ്‌തദാനം നൽകിയ ശേഷമാണ് സത്യപ്രതിജ്ഞ ചെയ്‌തത്. തുടർന്ന് സ്‌പീക്കറെ കണ്ടു തിരിച്ചിറങ്ങി മുഖ്യമന്ത്രിയെയും മറ്റ് മന്ത്രിമാരെയും വണങ്ങി. പ്രതിപക്ഷ നേതാക്കൾക്കും ഹസ്തദാനം ചെയ്തു. മൂന്നാമനായെത്തിയ വി.കെ. പ്രശാന്ത് മുഖ്യമന്ത്രിക്ക് ഹസ്തദാനം നൽകിയ ശേഷമാണ് സത്യപ്രതിജ്ഞ ചൊല്ലിയത്. സ്‌പീക്കറുടെ അനുമോദനം സ്വീകരിച്ച് വീണ്ടും മുഖ്യമന്ത്രിയുടെയും മറ്റു മന്ത്രിമാരുടെയും അടുത്തെത്തി. തുടർന്ന് പ്രതിപക്ഷ നേതാക്കളുടെ സമീപത്തുമെത്തി. തിരിച്ച് രണ്ടാം നിരയിലുള്ള മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ സമീപത്തു പോയി സംസാരിച്ചു. ഷാനിമോൾ ഉസ്മാനും ടി.ജെ. വിനോദും സത്യപ്രതിജ്ഞയ്ക്കു ശേഷം സ്പീക്കറുടെ അനുമോദനം സ്വീകരിച്ചു. തുടർന്ന് മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും പ്രതിപക്ഷ നേതാക്കളുടെയും അടുത്തെത്തി.

പ്രശാന്തിനും ജനീഷിനും ഭരണപക്ഷ ബെഞ്ചിൽ പിൻനിരയിൽ മദ്ധ്യഭാഗത്തായാണ് ഇരിപ്പിടം നൽകിയത്. മറ്റുള്ളവർക്കു പ്രതിപക്ഷ ബെഞ്ചിൽ അഞ്ചാം നിരയിലാണ് ഇരിപ്പിടം.