തിരുവനന്തപുരം: ലാഭത്തിൽ പ്രവർത്തിക്കുന്ന ഭാരത് പെട്രോളിയം കോർപ്പറേഷൻ (ബി.പി.സി.എൽ) സ്വകാര്യവൽക്കരിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം രാജ്യസുരക്ഷയെ ബാധിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു.
രാജ്യത്തിന്റെ ഊർജ്ജസുരക്ഷ ഉറപ്പാക്കുന്നതിൽ മർമ്മപ്രധാനമായ പങ്കാണ് പൊതുമേഖലാ പെട്രോളിയം കമ്പനികൾക്കുള്ളത്. അഞ്ച് വർഷത്തിനിടെ അര ലക്ഷം കോടിയുടെ നിക്ഷേപം നടത്തിയ കമ്പനി പൊതുമേഖലയിൽ നിലനിറുത്തേണ്ടത് രാജ്യതാൽപ്പര്യമാണെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്റിക്ക് കത്തയച്ചിട്ടുണ്ടെന്ന് എസ്. ശർമ്മയുടെ ശ്രദ്ധക്ഷണിക്കലിന് മുഖ്യമന്ത്റി മറുപടി നൽകി.
. ബി.പി.സി.എല്ലിന്റെ ഭാഗമായ കൊച്ചി റിഫൈനറി സ്ഥാപിച്ചത് സംസ്ഥാന സർക്കാർ കൂടി മുൻകൈയെടുത്താണ്. 1500 കോടിയാണ് സംസ്ഥാനം വായ്പയായി നിശ്ചയിച്ചത്. റിഫൈനറിക്ക് സമീപത്തായി വൻകിട പെട്രോകെമിക്കൽ പാർക്ക് സ്ഥാപിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. ഇതിനുള്ള അസംസ്‌കൃത പദാർത്ഥങ്ങൾ റിഫൈനറിയിൽ നിന്നാണ് ലഭ്യമാകേണ്ടത്. ബി.പി.സി.എല്ലിന്റെ സ്വകാര്യവൽക്കരണ നീക്കം 25,000 കോടിയുടെ ഈ പദ്ധതിയെ അനിശ്ചിതത്വത്തിലാക്കും. മുപ്പതിനായിരത്തോളം സ്ഥിരം ജീവനക്കാരെയും കരാറടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരെയും സ്വകാര്യവത്കരണം ദോഷകരമായി ബാധിക്കും. പാചക വാതകത്തിന് ലഭിച്ചുവരുന്ന ആനുകൂല്യങ്ങൾ ഇല്ലാതാക്കുമെന്നും മുഖ്യമന്ത്റി പറഞ്ഞു.