കാട്ടാക്കട: കാട്ടാക്കട പൊലീസ് സ്റ്റേഷൻ പരിധിയിൽ ജനമൈത്രി പൊലീസ് പ്രവർത്തനം വിപുലപ്പെടുത്തുന്നതിനായി സബ് ഇൻസ്‌പെക്ടർ പി. രതീഷിന്റെ നേതൃത്വത്തിൽ യോഗം ചേർന്നു. റസിഡൻസ് അസോസിയേഷൻ, ഗ്രന്ഥശാലകൾ, സന്നദ്ധ സംഘടനകൾ, പൊതു സമ്മതരായ വ്യക്തികൾ, പഞ്ചായത്ത് അംഗങ്ങൾ, തുടങ്ങിയവരെ ഉൾകൊള്ളിച്ച് കമ്മിറ്റി വിപുലീകരിക്കാൻ യോഗത്തിൽ തീരുമാനിച്ചു. സ്റ്റേഷൻ പരിധിയിലെ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് സമിതി വിപുലീകരിക്കും. സമിതി അംഗങ്ങൾ കൂടാതെ ജനമൈത്രിയെ കുറിച്ച് അഭിപ്രായങ്ങളും നിർദേശങ്ങളും ശ്രദ്ധയിൽപ്പെടുന്ന വിഷയങ്ങളും പൊലീസിനെ അറിയിക്കാം. അതിനായി സ്റ്റേഷൻ നമ്പറിലോ, ഇൻസ്‌പെക്ടർ നമ്പറിലോ ബന്ധപ്പെടാം. എ.എസ്.ഐ. അനിൽകുമാർ, ഹരികുമാർ, വാർഡ് അംഗം സി.എസ്. അനിത, എ.എസ്. ദിനേശ്, ബാബു, എ. ദാമോദരൻ പിള്ള, രാജഗോപാലൻ തുടങ്ങി വിവിധ സാമൂഹ്യ സാംസ്ക്കാരിക സംഘടനാ പ്രവർത്തകരും യോഗത്തിൽ പങ്കെടുത്തു.