ലോകത്തെ വിറപ്പിച്ച ഐസിസ് ഭീകരസംഘടനയുടെ തലവൻ അബൂബക്കർ അൽ ബാഗ്ദാദി യു.എസ് ആക്രമണത്തിൽ കൊല്ലപ്പെട്ടുവെന്ന വാർത്ത അവിശ്വസനീയതയോടെയാണ് ലോകം ശ്രവിച്ചത്. കൊടും ഭീകരതയുടെ പര്യായമായിരുന്നു നാല്പത്തെട്ടുകാരനായ അയാൾ. ചെയ്യാത്ത ക്രൂരതകളില്ല.
ഇറാക്കിന്റെ വലിയൊരു ഭാഗവും ആഭ്യന്തര യുദ്ധത്തിൽ തകർന്ന സിറിയ മുഴുവനായും ബാഗ്ദാദിയുടെ സാമ്രാജ്യ ത്തിന്റെ ഭാഗമായിരുന്നു. ഇറാക്കിലെ കൂറ്റൻ എണ്ണപ്പാടങ്ങളിൽ നിന്നു നേടിയ സമ്പത്തുകൊണ്ട് അവിശ്വാസികളെ ഉന്മൂലനം ചെയ്ത് ലോകം തന്നെ തന്റെ കാൽക്കീഴിലാക്കാനുള്ള നെട്ടോട്ടത്തിനിടയിൽ ഭീരുവിനെപ്പോലെ മരണത്തിനു കീഴടങ്ങേണ്ടി വന്ന ബാഗ്ദാദി ചരിത്രത്താളുകളിൽ ഏറ്റവും ക്രൂരനായ ഭീകര നേതാവിന്റെ ഗണത്തിലാണ് സ്ഥാനം പിടിക്കുക. അൽക്വ ഇദ നേതാവ് ബിൻ ലാദനെ പാകിസ്ഥാനിലെ ഒളി സങ്കേതത്തിൽ ചെന്ന് കഥ കഴിച്ചതുപോലെ സിറിയൻ അതിർത്തിയിൽ രഹസ്യ താവളത്തിൽ കഴിഞ്ഞുവന്ന ബാഗ്ദാദിയെ മാസങ്ങൾ നീണ്ട ആസൂത്രണത്തിനൊടുവിലാണ് യു.എസ്. കമാൻഡോകൾ പിന്തുടർന്നു കണ്ടെത്തിയത്. കമാൻഡോകളുടെ പിടിയിൽ പെടാതെ ബാഗ്ദാദി ദേഹത്തു സൂക്ഷിച്ചിരുന്ന സ്ഫോടക വസ്തു പൊട്ടിച്ച് സ്വയം ജീവനൊടുക്കുകയായിരുന്നു എന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾസ് ട്രംപ് ലോകത്തെ അറിയിച്ചത്. അമേരിക്കയുടെ ഈ അവകാശവാദം അതേപടി വിഴുങ്ങാൻ റഷ്യ തയ്യാറായില്ലെന്നത് ശ്രദ്ധേയമാണ്. എങ്കിലും ഡി.എൻ.എ പരിശോധനാഫലത്തിന്റെ പിൻബലത്തോടെ ആധികാരികമായിത്തന്നെയാണ് ബാഗ്ദാദിയുടെ മരണം അമേരിക്ക ലോക രാജ്യങ്ങളുടെ മുമ്പിൽ അവതരിപ്പിക്കുന്നത്.
ലോകത്തിനു തന്നെ ഭീഷണിയായി മാറിയ ഈ കൊടുംഭീകരൻ അരങ്ങൊഴിഞ്ഞു എന്ന വാർത്ത സമാധാനകാംക്ഷികൾ ആശ്വാസത്തോടെയാണ് കേട്ടത്. അത്രയധികം കൊടും ക്രൂരതകളാണ് ഇറാക്കിലും സിറിയയിലും മാത്രമല്ല ലോകത്തിന്റെ പല ഭാഗങ്ങളിലും ഐസിസ് അഴിച്ചുവിട്ടത്. ഒരു ലക്ഷം പേരെങ്കിലും ഇക്കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഐസിസ് ഭീകരരുടെ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കരുതുന്നത്. സിറിയ എന്ന രാജ്യം തന്നെ ഇല്ലാതായി. വടക്കൻ ഇറാക്കിൽ ആധിപത്യമുറപ്പിച്ച് സമ്പത്ത് അപ്പാടെ കൊള്ളയടിച്ചു. സ്ത്രീകളെ കൂട്ടത്തോടെ ലൈംഗിക അടിമകളാക്കി. ഐസിസ് ക്യാമ്പുകളിൽ നടമാടിയ കൊടും പീഡനങ്ങളുടെ ഞെട്ടിക്കുന്ന അനുഭവകഥകൾ കേട്ട് തളരാത്ത മനുഷ്യരില്ല. യസീദി വിഭാഗക്കാരായിരുന്നു ഐസിസിന്റെ മുഖ്യ ശത്രുക്കൾ. ഈ വിഭാഗത്തിൽപ്പെട്ട പുരുഷന്മാരെ തെരഞ്ഞുപിടിച്ച് കൊലപ്പെടുത്തുന്നതിൽ അത്യാഹ്ളാദം കൊണ്ടിരുന്ന ഭീകരർ അവരുടെ സ്ത്രീകളെ മാത്രമല്ല കുട്ടികളെപ്പോലും വെറുതേ വിട്ടില്ല. ജനമദ്ധ്യത്തിൽ വച്ചു തന്നെ എതിരാളികളെന്നു കരുതുന്നവരുടെ തലയറുത്ത് കൊലപ്പെടുത്തുന്ന പ്രാകൃത സമ്പ്രദായം തെല്ലുപോലും മനസാക്ഷിക്കുത്തില്ലാതെയാണ് നടത്തിവന്നത്.
ഇന്ത്യയടക്കം പല രാജ്യങ്ങളിലും ചെറുപ്പക്കാരുടെ വലിയ നിര ഐസിസ് ആശയങ്ങളിൽ ആകൃഷ്ടരായിരുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം. വിശുദ്ധ യുദ്ധത്തിനായി സിറിയയിൽ ഐസിസ് ക്യാമ്പിലെത്തിയ അവരിൽ പലരും പിന്നീട് പുറംലോകം കണ്ടിട്ടില്ല. പതിന്നാലായിരം പേർക്കെങ്കിലും ഇത്തരത്തിൽ ജീവൻ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. മതസംബന്ധമായ കാര്യങ്ങളിലുള്ള അഗാധ പാണ്ഡിത്യമാണ് ബാഗ്ദാദിയെ വലിയ തോതിൽ സഹായിച്ചതെന്ന് പറയപ്പെടുന്നു. അത്യാധുനിക വിവര സാങ്കേതിക വിദ്യയും ആശയ പ്രചാരണത്തിന് ബാഗ്ദാദിയെ ഏറെ സഹായിച്ചു. വിദൂര ദേശങ്ങളിൽപ്പോലും ആരാധകരെയും അനുയായികളെയും സമ്പാദിച്ചത് ഇന്റർനെറ്റ് വഴിയായിരുന്നു. കേരളത്തിൽപ്പോലും ഐസിസിന് ചെറുതായെങ്കിലും വേരോട്ടമുണ്ടായി. സ്വർഗരാജ്യം സ്വപ്നം കണ്ട് മതിഭ്രമം മൂത്ത ചില ചെറുപ്പക്കാർ സിറിയ വരെ എത്തുകയും ചെയ്തു. സ്വർഗത്തിന് പകരം നരകംകണ്ട് മടങ്ങാനാകാതെ ഹതാശരായവരാണധികവും. ഐസിസ് പോരാളികൾ നടത്തിയ ചാവേർ ആക്രമണങ്ങളിൽ ലോകത്തിന്റെ പല ഭാഗങ്ങളിലും അനേകം പേർക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലെ പള്ളികളിൽപ്പോലും സ്ഫോടനങ്ങളുണ്ടായി. മുന്നൂറോളം പേരാണ് ആ ശുഭദിനത്തിൽ ചിതറിത്തെറിച്ചത്. അഫ്ഗാനിസ്ഥാനിലും പാകിസ്ഥാനിലും യൂറോപ്യൻ നഗരങ്ങളിലുമൊക്കെ നടന്ന ഐസിസ് ചാവേർ സ്ഫോടനങ്ങൾക്ക് കൈയും കണക്കുമില്ല.
ഇറാക്കും സിറിയയും വിട്ട് സൗദി അറേബ്യ ഉൾപ്പെടെ മറ്റിടങ്ങളിലേക്കും ഐസിസ് ഭീഷണി വ്യാപിക്കാൻ തുടങ്ങിയപ്പോഴാണ് അമേരിക്കയുടെ നേതൃത്വത്തിൽ ഐസിസ് വിരുദ്ധ പോരാട്ടം ശക്തമാക്കിയത്. ബാഗ്ദാദിയുടെ തലയ്ക്ക് ആദ്യം ഒരുകോടി ഡോളർ ഇനാം പ്രഖ്യാപിച്ച അമേരിക്ക പിന്നീട് തുക രണ്ടരക്കോടി ഡോളറായി ഉയർത്തിയിരുന്നു. പ്രവാചകൻ മുഹമ്മദ് നബിയുടെ വംശപരമ്പരയിൽപ്പട്ട ആളെന്ന് അവകാശപ്പെട്ടിരുന്ന ബാഗ്ദാദിയുടെ ചെയ്തികളത്രയും പ്രവാചകന്റെ ആദർശങ്ങൾക്കും നിഷ്ഠകൾക്കും എതിരായിരുന്നുവെന്നത് വിരോധാഭാസമായി തോന്നാം. ചരിത്രത്തിലെ ഏറ്റവും ക്രൂരന്മാരായ ഏകാധിപതികളെപ്പോലെ ബാഗ്ദാദിയും മനുഷ്യക്കുരുതിയിലൂടെയാണ് തന്റെ സ്വാധീനം ഉറപ്പിക്കാൻ ശ്രമിച്ചത്. പാപത്തിന്റെ ശിക്ഷ മരണം തന്നെയാണെന്നു പറയാറുണ്ട്. ലോകത്തെ വിറപ്പിച്ച് അജ്ഞാത കേന്ദ്രങ്ങളിൽ കഴിഞ്ഞുപോന്ന ബാഗ്ദാദിയുടെ അന്ത്യം അർഹിക്കുംവിധത്തിലാവുകയും ചെയ്തു. ബാഗ്ദാദി കൊല്ലപ്പെട്ടെങ്കിലും ഐസിസ് ഭീഷണിയിൽ നിന്നു ലോകം പൂർണമായും മോചിതമായെന്നു പറയാനാകില്ല. ഇതുപോലുള്ള മനുഷ്യാധമന്മാർ ഇനിയും ഉയർന്നു വന്നേക്കാം. അവരുടെ വാക് ചാതുരിയിൽ യുവാക്കളടക്കം പലരും മയങ്ങിയെന്നും വരാം. ഒടുവിൽ യാഥാർത്ഥ്യം തിരിച്ചറിയുമ്പോഴായിരിക്കും അബദ്ധം മനസിലാവുക. ബുദ്ധിയും ആയുസും ഇതുപോലുള്ള മനുഷ്യവിരുദ്ധന്മാർക്ക് അടിയറവയ്ക്കാതിരിക്കാനുള്ള വിവേകമാണ് യുവജനങ്ങൾ കാണിക്കേണ്ടത്.