general

ബാലരാമപുരം: ബാലരാമപുരം പഞ്ചായത്തിൽ ഉൾപ്പെടുന്ന ചാനൽപ്പാലം - റസൽപുരം റോഡ് തകർന്നിട്ട് കാലങ്ങളായി. ഒരു ഞാണിന്മേൽക്കളിപോലെയാണ് ഇതുവഴിയുള്ള യാത്ര. പ്രത്യേകിച്ച് ഇരുചക്രവാഹനങ്ങൾ. മരാമത്ത് നെയ്യാറ്റിൻകര സബ് ഡിവിഷന്റെ കീഴിലുള്ള റോഡിനാണ് ഈ അവസ്ഥ. കഴിഞ്ഞ കുറച്ച് നാളുകളായി ഈ വഴിയുള്ള യാത്ര വളരെ ദുഷ്കരമാണ്. റോഡിൽ കുഴികൾ നിറഞ്ഞ ഭാഗം എത്രയും വേഗം ടാർ ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇപ്പോൾ ബി.ജെ.പി തേമ്പാമുട്ടം റസൽപുരം ബൂത്ത് കമ്മിറ്റി പ്രവർത്തകരും രംഗത്തെത്തിയിട്ടുണ്ട്. ടാർസൻ ലോറികളുടെ മരണപ്പാച്ചിലാണ് റോഡ് തകരാൻ പ്രധാനകാരണമെന്നാണ് നാട്ടുകാരുടെ ആരോപണം. ഇതുകാരണം റോഡ‌് ടാറ്ചെയ്ത് രണ്ട് വർഷം തികയും മുൻപ് റോഡിൽ വൻ കുഴികൾ രൂപ്പെടാൻ തുടങ്ങി. മഴക്കാലത്ത് കുഴികളിൽ വെള്ളം നിറയുന്നതോടെ ചാലുപോലെയുള്ള റോഡിന്റെ ഭാഗത്തുകൂടെ വളരെ സൂക്ഷിച്ചാണ് ഇവരുടെ യാത്ര. റോഡ് എത്രയും വേഗം അറ്റകുറ്റപ്പണി എങ്കിലും നടത്തിയില്ലെങ്കിൽ കുഴികളുടെ ആഴം വർദ്ധിച്ച് കൂടുതൽ അപകടങ്ങൾക്ക് കാരണമാകുമെന്നാണ് പൊതു അഭിപ്രായം.

റസൽപുരം റോഡിൽ ട്രാൻസ്ഫോമറിന് സമീപത്തെ റോഡിലെ കുഴികൾ വാഹന യാത്രക്കാർക്ക് മരണക്കെണിയാണ്. മഴക്കാലത്ത് ഈ കുഴികളിൽ വെള്ളം കെട്ടിനിന്ന് കുഴികളുടെ ആഴമറിയാൻ കഴിയാതെ വാഹന യാത്രക്കാർ അപകടത്തിൽപ്പെടുന്നത് പതിവാണ്. അതിൽ കൂടുതലും ഇരുചക്രവാഹന യാത്രക്കാരാണ്. ബൈക്കുകൾ മിക്കപ്പോഴും തെന്നിവീഴുന്നതും പതിവാണ്.