തിരുവനന്തപുരം: സിനിമയോടുള്ള പ്രേക്ഷകരുടെ സമീപനം മാറിയെന്നും ആളുകൾക്ക് കാണാനിഷ്ടം മോഹൻലാൽ പുലിയെ പിടിക്കാൻ പോകുന്ന തരം സിനിമകളാണെന്നും സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. വഴുതക്കാട് ഗവ. വനിതാ കോളേജ് മലയാള വിഭാഗം സംഘടിപ്പിക്കുന്ന സപ്തദിന ചലച്ചിത്രശില്പശാലയും ദേശീയ സെമിനാറും കോളേജ് ആഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മലയാളികളുടെ ചലച്ചിത്രാസ്വാദന നിലവാരം താഴ്ന്നുപോയി. അഭ്യസ്തവിദ്യരും ഇക്കൂട്ടത്തിലുണ്ട്. ഡിജിറ്റൽ ടെക്നോളജി വളർന്നതോടെ ആർക്ക് വേണമെങ്കിലും സിനിമ എടുക്കാനും സാധിക്കുമെന്ന സ്ഥിതിവന്നു. സാങ്കേതികപരമായി മാത്രമല്ല സാമൂഹികപരമായും ഒന്നുമറിയാതെ സിനിമയെടുക്കുന്നവരുണ്ട്. സിനിമ എടുക്കാമെന്നല്ലാതെ ഇതു കാണാൻ ആളുണ്ടാവില്ല എന്നതാണു ഫലം. നല്ല സിനിമകൾ കണ്ടാൽ മാത്രമേ അവയെന്താണെന്ന് അറിയാൻ സാധിക്കൂ. സ്കൂൾ വിദ്യാർത്ഥികളെക്കൊണ്ട് സിനിമയെടുപ്പിക്കുന്നതും സമ്മാനങ്ങൾ നൽകുന്നതും വലിയ പ്രഹസനമാണ്. കുട്ടികൾ വായിക്കുകയും സിനിമ കാണുകയും ചെയ്യേണ്ട പ്രായത്തിൽ സിനിമയെടുക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. കോളേജ് വിദ്യാഭ്യാസ വകുപ്പ്, ചലച്ചിത്ര അക്കാഡമി, സി.ഡിറ്റ് എന്നിവയുടെ സഹകരണത്തോടെയാണ് ചലച്ചിത്ര ശില്പശാല സംഘടിപ്പിച്ചിരിക്കുന്നത്. പ്രിൻസിപ്പൽ ജി. വിജയലക്ഷ്മി അദ്ധ്യക്ഷയായി. ചലച്ചിത്ര അക്കാഡമി സെക്രട്ടറി മഹേഷ് പഞ്ചു, സി.ഡിറ്റ് രജിസ്ട്രാർ ജയദേവ് ആനന്ദ്, കോ ഓർഡിനേറ്റർ സ്വപ്ന ശ്രീനിവാസൻ, നൗഷാദ് .എസ് എന്നിവർ സംസാരിച്ചു. നവംബർ 3 വരെ നടക്കുന്ന ശില്പശാലയിൽ വിവിധ സെഷനുകളിലായി ചലച്ചിത്രരംഗത്തെ വിദഗ്ദ്ധർ ക്ലാസുകളെടുക്കും.