തിയറി വിഷയങ്ങൾ 38, വിജയിക്കാൻ 40%മാർക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് എൻജിനിയറിംഗ് പഠനം അടിമുടി ഉടച്ചുവാർത്ത്, സാങ്കേതിക സർവകലാശാലയുടെ കോഴ്സ് ഘടനയും ഉള്ളടക്കവും നവീകരിക്കാൻ അക്കാഡമിക് കൗൺസിൽ തീരുമാനിച്ചു..
നാലുവർഷം ദൈർഘ്യമുള്ള 25 എൻജിനിയറിംഗ് കോഴ്‌സുകളുടെയും മൊത്തം ക്രെഡിറ്റുകൾ 182ൽ നിന്നും 162 ആയും, തിയറി വിഷയങ്ങൾ 45ൽ നിന്ന് 38ആയും കുറച്ചു. 150 മാർക്കുള്ള തിയറി വിഷയങ്ങൾക്ക് 100 മാർക്ക് യൂണിവേഴ്സിറ്റി സെമസ്റ്റർ പരീക്ഷകൾക്കും 50 മാർക്ക് ഇന്റേണൽ മൂല്യനിർണയത്തിനുമായിരിക്കും രണ്ടിനും കൂടി കുറഞ്ഞത് 75 മാർക്ക് ലഭിച്ചാലേ വിജയിക്കാനാവൂ.
ഒരു തിയറി പേപ്പർ വിജയിക്കാൻ ഇന്റേണലിന് മാത്രമായി 22.5മാർക്ക് മിനിമം വേണമെന്ന വ്യവസ്ഥ എടുത്തുകളഞ്ഞു. കോളേജുകൾക്ക് തോന്നിയപോലെ ഇന്റേണൽ മാർക്ക് നൽകാനോ നിഷേധിക്കാനോ ഇനി കഴിയില്ല. ഇന്റേണൽ മാർക്കിന്റെ പേരിൽ വിദ്യാർത്ഥികളെ പീഡിപ്പിക്കുന്നതിനും അവസാനമാവും. ക്രെഡിറ്റുകൾ കുറച്ചതിലൂടെ അധികമായി ലഭിക്കുന്ന സമയം സർവകലാശാല അംഗീകരിച്ച ഓൺലൈൻ കോഴ്സുകൾ പഠിക്കാൻ ഉപയോഗിക്കാനാവും.. തിയറി പരീക്ഷകൾ വിജയിക്കാൻ 45മാർക്ക് വേണമെന്നത് 40 ആക്കി 2019 സ്കീമിലും പരിഷ്കാരം തുടരും.
പ്രാക്ടിക്കൽ പരീക്ഷ സർവകലാശാല നേരിട്ട് നടത്തും. 75 മാർക്കിനുള്ള പരീക്ഷയിൽ 30
മാർക്കെങ്കിലും നേടിയാലേ വിജയിക്കാനാവൂ.
ബി.ടെക് ഹോണേഴ്‌സ് ഡിഗ്രിക്കുള്ള രജിസ്‌ട്രേഷൻ വ്യവസ്ഥകൾ ഉദാരമാക്കി. നാഷണൽ ബോർഡ് ഒഫ് അക്രഡിറ്റേഷനുള്ള കോളേജുകളിലെ വിദ്യാർത്ഥികൾക്കേ രജിസ്ട്രേഷൻ ചെയ്യാനാവൂ എന്ന വ്യവസ്ഥ എടുത്തുകളഞ്ഞു. . എല്ലാ എൻജിനിയറിംഗ് കോളേജുകളിലെയും 8.5 ഗ്രേഡിന് മുകളിൽ മാർക്കുള്ള സമർത്ഥരായ വിദ്യാർത്ഥികൾക്ക് ഹോണേഴ്‌സിനു രജിസ്റ്റർ ചെയ്യാം.. അഞ്ചാം സെമസ്റ്റർ മുതൽ ഈ വിദ്യാർഥികൾ അഞ്ച് വിഷയങ്ങൾ അധികമായി പഠിച്ച് 20 ക്രെഡിറ്റുകൾ നേടണം. ഇവയിൽ രണ്ടെണ്ണം യൂണിവേഴ്സിറ്റി അംഗീകരിച്ച മൂക് ഓൺലൈൻ കോഴ്‌സുകൾ ആയിരിക്കണം.
ഏത് സാങ്കേതിക ശാഖയിലും പഠിക്കുന്ന വിദ്യാർത്ഥികൾക്ക് മറ്റ് ശാഖകളിലെ നവീനമായ വിഷയങ്ങൾ പഠിച്ച് ബി.ടെക് മൈനർ ബിരുദം നേടാം.. രജിസ്റ്റർ ചെയ്യാൻ ഗ്രേഡ് നിബന്ധനകളില്ല. മൂന്നാം സെമസ്റ്റർ മുതൽ അഞ്ച് കോഴ്‌സുകളിൽ നിന്നായി 20 ക്രെഡിറ്റുകൾ അധികമായി നേടണം.
മൂന്നാം സെമസ്റ്റർ എം.സി.എ. കോഴ്‌സിന്റെ രജിസ്‌ട്റേഷന് ഒന്നും രണ്ടും സെമസ്റ്ററുകളിലായി 27 ക്രെഡിറ്റുകൾ വേണമെന്ന വ്യവസ്ഥ മാറ്റി. ഇനി, അഞ്ചാം സെമസ്റ്ററിന് രജിസ്റ്റർ ചെയ്യാൻ ഒന്നും രണ്ടും സെമസ്റ്ററുകളിലായി 27 ക്രെഡിറ്റുകൾ വേണം.
യൂണിവേഴ്സിറ്റി പരീക്ഷ എഴുതാൻ മൊത്തം 75ശതമാനം ഹാജർ വ്യവസ്ഥ ഏകീകരിച്ചു. നിലവിൽ എം.ടെക് പരീക്ഷകൾക്ക് 85ശതമാനമാണ് ഹാജർ . ഡ്യൂട്ടി ലീവുകൾ, ഗ്രെസ് മാർക്കുകൾ എന്നിവയ്ക്കുള്ള വ്യവസ്ഥകളും ഏകീകരിച്ചു. കലാകായിക മത്സരങ്ങളിൽ സർവകലാശാലയെ പ്റതിനിധീകരിക്കുന്നവർക്കുള്ള ഹാജർ നിബന്ധനകൾ എല്ലാ കോഴ്സുകൾക്കും സമാനമാക്കി.
''നൈപുണ്യ വികസനത്തിന് പ്രാധാന്യം നൽകിയുള്ള പുതിയ പരിഷ്‌കാരങ്ങൾ കുട്ടികൾക്ക് ഏറെ ഗുണകരമാണ്. ബി.ടെക് ഹോണേഴ്‌സ്, മൈനർ ബിരുദങ്ങൾ ഒരുമിച്ച് നേടാം. എൻജിനിയറിംഗ് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയരും.''
-ഡോ.എസ്.അയൂബ്
പ്രോ വൈസ്ചാൻസലർ