acro

തിരുവനന്തപുരം: മാനത്ത് മഴകണ്ടാൽ വെള്ളക്കെട്ടിൽ മുങ്ങുന്ന ആലപ്പുഴ-ചങ്ങനാശ്ശേരിറോഡ് മുഖച്ഛായ മാറ്റാനൊരുങ്ങുന്നു. വർഷകാലത്തെ വെള്ളക്കെട്ടും ഗതാഗത തടസവും വീർപ്പ് മുട്ടിച്ച

എ.സി റോഡിൽ ഏതു പ്രളയത്തെയും അതിജീവിക്കാൻ കഴിയും വിധത്തിലുള്ള നിർമ്മാണത്തിനാണ് തുടക്കമിടുന്നത്. അടുത്ത വർഷം ആദ്യത്തോടെ പണി തുടങ്ങാനാണ് പൊതുമരാമത്ത് വകുപ്പിന്റെ ലക്ഷ്യം. ദേശീയപാത 66 നെയും എം.സി റോഡിനെയും ബന്ധിപ്പിക്കുന്ന പ്രധാന പാതയാണിത്. പ്രളയത്തെ ചെറുക്കുന്ന മാതൃകയിലുള്ള സംസ്ഥാനത്തെ ആദ്യത്തെ റോഡാവും ഇത്.

തിരുവനന്തപുരത്തുള്ള ആർ.ടി.എഫ് എന്ന ഏജൻസിയാണ് ഇതിന്റെ സർവേയും വിവരശേഖരണവും നടത്തിയത്. പൊതുമരാമത്ത് വകുപ്പിന്റെ റോഡുകളും പാലങ്ങളും വിഭാഗങ്ങളുടെ ഡിസൈൻ വിംഗിന് കീഴിലുള്ള പ്രോജക്ട് പ്രിപ്പറേഷൻ യൂണിറ്റാണ് റോഡിന്റെ രൂപകല്പനയും വിശദമായ പ്രോജക്ട് റിപ്പോർട്ടും തയ്യാറാക്കുന്നത്. നവംബർ മദ്ധ്യത്തോടെ ഡി.പി.ആർ വകുപ്പിന് സമർപ്പിച്ചേക്കും. തിരുവനന്തപുരം എൻജിനിയറിംഗ് കോളേജ് റിട്ട. പ്രൊഫസർ ബാലനാണ് പദ്ധതിയുടെ കൺസൾട്ടന്റ്. ഇരുവശവും പാടശേഖരങ്ങളും വെള്ളക്കെട്ടുമായതിനാൽ എലിവേറ്റഡ് റോഡ് നിർമിക്കാനാണ് ആദ്യം പദ്ധതിയിട്ടത്. എന്നാൽ അതിന് വേണ്ടിവരുന്ന ഭീമമായ ചെലവ് കണക്കിലെടുത്താണ് മറ്റൊരു ഡിസൈൻ ആലോചിച്ചത്. 2018 ലെ പ്രളയത്തിൽ ഏറ്റവും ഉയരത്തിൽ വെള്ളം പൊങ്ങിയ സ്ഥലത്തിന്റെ അളവ് കണക്കാക്കിയാണ് പാതയുടെ ഉയരം നിശ്ചയിക്കുക. തൂണുകളിൽ റോഡു നിർമ്മിക്കേണ്ട ഏഴ് പോയിന്റുകളാണ് സർവേയിൽ കണ്ടെത്തിയിട്ടുള്ളത്. എന്നാൽ ഡി.പി.ആർ തയ്യാറാവുമ്പോൾ ഇത്തരം പോയിന്റുകളുടെ എണ്ണത്തിൽ മാറ്റം വന്നേക്കാം.

റീബിൽഡ് കേരള പദ്ധതിയിലുൾപ്പെടുത്തി നിർമ്മിക്കാനാണ് ഉദ്ദേശിക്കുന്നത്. ഡി.പി.ആർ തയ്യാറായാൽ അടുത്ത വർഷം മാർച്ചിലോ ഏപ്രിലിലോ ടെൻഡർ നടത്തി നിർമാണം തുടങ്ങും.

ചെലവഴിക്കുന്നത് ജർമ്മൻ സഹായം

2018 ലെ പ്രളയത്തിൽ തകർന്ന റോഡുകളുടെ പുനർനിർമാണത്തിന് അനുവദിച്ച 1000 കോടിയിൽ നിന്ന് 150 കോടിയാണ് എ.സി റോഡിനായി മാറ്റിവച്ചിരുന്നത്. എന്നാൽ പിന്നീട് പദ്ധതി റീബിൽഡ് കേരളയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചു. ഡി.പി.ആർ തയ്യാറാക്കുമ്പോൾ എത്ര തുക വേണ്ടിവന്നാലും ജർമ്മൻ ബാങ്കിന്റെ ധനസഹായം ഉപയോഗിച്ചാവും നിർമ്മാണം.

അടിമുടി മാറും

കൂടുതൽ വെള്ളക്കെട്ടുള്ള ഭാഗങ്ങളിൽ ഫ്ളൈ ഓവർ രൂപത്തിലും മറ്റു ഭാഗങ്ങളിൽ ഇപ്പോഴുള്ളതിനെക്കാൾ ഉയരം കൂട്ടിയുമാവും നിർമ്മാണം. സർവേ നടത്തിയ സ്ഥലങ്ങളിൽ മണ്ണ് പരിശോധനയും പൂർത്തിയാക്കി. ഇപ്പോഴുള്ള പാലങ്ങളുടെ രൂപഘടനയിലും മാറ്റമുണ്ടാവും.

ലക്ഷ്യമിടുന്നത്: 2021 ൽ പൂർത്തിയാക്കാൻ