വിതുര:ടയറിന്റെയും സ്പെയർപാർട്സിന്റെയും ക്ഷാമം നിമിത്തം വിതുര കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ബസുകൾ കട്ടപ്പുറത്താകുകയും,യാത്രാദുരിതം വർദ്ധിക്കുകയും ചെയ്യുന്നു.ബസുകൾ കട്ടപ്പുറത്ത് വിശ്രമിക്കുന്നത് നിമിത്തം പ്രധാന റൂട്ടുകളിൽ വരെ വേണ്ടത്ര സർവീസ് അയയ്ക്കുവാൻ കഴിയാത്ത അവസ്ഥയാണ്.

രണ്ട് ദിവസം മുൻപ് വരെ ആറ് ബസുകൾ സ്പെയർപാർട്സിൻെറ കുറവ് മൂലം സർവീസ് നടത്തിയിരുന്നില്ല.ഇപ്പോൾ മൂന്ന് ബസുകൾ കട്ടപ്പുറത്താണ്.ജീവനക്കാരുടെ അഭാവവും,വേണ്ടത്ര പാർട്സുകൾ ലഭിക്കാത്തതും മൂലം ഡിപ്പോയുടെ പ്രവർത്തനം താളം തെറ്റുകയും യാത്രാദുരിതം ഇരട്ടിക്കുകയും ചെയ്തിട്ടുണ്ട്.വിദ്യാർത്ഥികൾ വരെ യഥാ സമയം ബസ് ലഭിക്കാത്തതുമൂലം നട്ടം തിരിയുകയാണ്.മലയോരമേഖലയിലെ യാത്രാ ക്ലേശം പരിഹരിക്കുന്നതിനായി ആരംഭിച്ച ഡിപ്പോ ഫലത്തിൽ യാത്രാ ദുരിതം വിതയ്ക്കുകയാണെന്നാണ് വ്യാപകമായ ആക്ഷേപം.

സ്പെയർപാർട്സിൻെറ അഭാവം മൂലം തിരുവനന്തപുരം കൊല്ലം ജില്ലകളെ തമ്മിൽ ബന്ധിപ്പിച്ച് സർവീസ് നടത്തിയിരുന്ന ആറ്റിങ്ങൽ വിതുര ജൻറംബസ് ഒരാഴ്ചയായി കട്ടപ്പുറത്താണ്.നേരത്തെ ഫാസ്റ്റ് സർവീസുകൾ നിറുത്തലാക്കിയപ്പോൾ വിതുര ഡിപ്പോയിൽ നിന്നും കൊല്ലത്തേക്ക് സർവീസ് നടത്തിയിരുന്ന സർവീസും നിലച്ചിരുന്നു.തുടർന്ന് ഡിപ്പോയിൽ അനവധി സമരങ്ങൾ അരങ്ങേറി.തുടർന്ന് കൊല്ലത്തിന് പകരം ആറ്റിങ്ങലിലേക്ക് സർവീസ് നടത്താൻ തീരുമാനമായി.ഇതിലേക്കായി വിതുര ഡിപ്പോക്ക് ഒരു ജൻറം ബസ് അനുവദിച്ചു.രാവിലെ ഏഴര മണിക്ക് ആറ്റിങ്ങലിലേക്ക് സർവീസ് നടത്തിയിരുന്ന ജൻറം ബസിന് മികച്ച കളക്ഷനാണ് ലഭിച്ചിരുന്നത്. ചെറിയ ഒരു പാർട്സ് കേടായതു മൂലമാണ് ജൻറം ബസ് കട്ടപ്പുറത്തായത്.