തിരുവനന്തപുരം: പതിനാറ് ഓർഡിനൻസുകൾക്ക് പകരമുള്ളവയ്‌ക്ക് പുറമേ നാല് ബില്ലുകൾ കൂടി നിയമസഭാ സമ്മേളനത്തിൽ പാസാക്കാൻ കാര്യോപദേശക സമിതിയിൽ ധാരണ. സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായങ്ങൾ സുഗമമാക്കൽ ബില്ലും, വ്യവസായങ്ങൾക്ക് ഏകജാലക ക്ലിയറൻസുമായി ബന്ധപ്പെട്ടുള്ള ബില്ല് ഭേദഗതിചെയ്യുന്ന മറ്റൊരു ബില്ലും പരിഗണിക്കും. സെലക്ട് കമ്മിറ്റിയുടെ പരിഗണനയിലുള്ള മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് അതോറിട്ടി ബില്ലും കർഷക ക്ഷേമനിധി ബില്ലും പാസാക്കും. നവംബർ ഏഴിനകം എല്ലാ ബില്ലുകളും സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടും. 11 മുതൽ 21 വരെയുള്ള ദിവസങ്ങളിലായി പാസാക്കും. ഉപധനാഭ്യർത്ഥന ചർച്ച നടക്കുന്ന നവംബർ അഞ്ചിന് ബില്ലുകൾ വരില്ല. കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് ഗാന്ധി സ്മൃതി സമ്മേളനമായി നടത്തും.