തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പ് അധികൃതരുടെ അനാസ്ഥ കാരണം തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ ഒരു മാസത്തിലേറെയായി സെപ്റ്റിക് ടാങ്ക് പൊട്ടി ഒഴുകി ഗുരുതര ആരോഗ്യ ഭീഷണി ഉയർത്തുന്നതിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ. പൊതുമരാമത്ത് ബിൽഡിംഗ് വിഭാഗം എക്‌സിക്യൂട്ടിവ് എൻജിനിയർ മൂന്നാഴ്ചയ്ക്കകം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. പരാതി എത്രയും വേഗം പരിഹരിക്കണമെന്ന് കമ്മിഷൻ ഉത്തരവിട്ടു. ആശുപത്രി വളപ്പിലുള്ള പാർക്കിംഗ് ഏരിയയിലെ എ.സി.ആർ ലാബിന് സമീപമുള്ള സെപ്റ്റിക് ടാങ്കാണ് പൊട്ടിയൊലിക്കുന്നത്. മഴക്കാലമായതോടെ പ്രദേശം മൂഴുവൻ കക്കൂസ് മാലിന്യം പടർന്ന് ദുർഗന്ധം വമിക്കുന്ന സാഹചര്യമാണുള്ളത്.
ആശുപത്രിയിലെത്തുന്ന രോഗികളും സന്ദർശകരും മാലിന്യം ചവിട്ടി വേണം ആശുപത്രിയിലേക്ക് പ്രവേശിക്കേണ്ടത്. ഇത് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഗുരുതര ആരോഗ്യ പ്രശ്‌നമാണുണ്ടാക്കുന്നത്. പൊതുമരാമത്ത് വകുപ്പിനാണ് ആശുപത്രിയിലെ ഡ്രെയിനേജ് സംവിധാനത്തിന്റെ ചുമതല.