school

വർക്കല: വർക്കല ഗവ. ഹയർസെക്കൻഡറി സ്‌കൂൾ കലോത്സവത്തിനിടെ സംഘർഷം. സംഭവസ്ഥലത്തെത്തിയ പൊലീസും ഒരു വിഭാഗം വിദ്യാർത്ഥികളും തമ്മിൽ കൈയാങ്കളിയുണ്ടായതോടെ പൊലീസ് ലാത്തിവീശി. പ്ലസ്ടു വിദ്യാർത്ഥികളായ കല്ലുമലക്കുന്ന് അശ്വതി നിവാസിൽ സുധീഷ് കുമാർ, ജനാർദ്ദനപുരം സദാശിവത്തിൽ ആനന്ദ്, ചെറുകുന്നം കോട്ടയത്ത് വീട്ടിൽ ആദർശ് എന്നിവർക്ക് പരിക്കേറ്റു. ഇവർ മൂന്ന് പേരും വർക്കല താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. സംഘർഷത്തിനിടെ പൊലീസ് ചവിട്ടിപ്പരിക്കേല്പിച്ചെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്. പരിക്കേറ്റ സുധീഷ് കുമാർ ഡൽഹിയിൽ നവംബർ 13ന് നടക്കുന്ന ദേശീയ കബഡി മത്സരത്തിൽ സെലക്‌ഷൻ കിട്ടിയ വിദ്യാർത്ഥിയാണ്. നവംബർ 7ന് തൃശൂരിൽ കോച്ചിംഗ് ക്യാമ്പിന് പോകാനിരിക്കെയാണ് സുധീഷ് കുമാറിന് പരിക്കേറ്റത്. 25ന് കലോത്സവം ആരംഭിച്ചതു മുതൽ ഒരു വിഭാഗം വിദ്യാർത്ഥികൾ അലങ്കോലപ്പെടുത്താൻ ശ്രമിച്ചെന്ന് സ്‌കൂൾ അധികൃതർ പറയുന്നു. തുടർന്ന് കലോത്സവ ദിവസങ്ങളിൽ പൊലീസ് സഹായം ആവശ്യപ്പെട്ട് സ്‌കൂൾ അധികൃതർ വർക്കല സ്റ്റേഷനിൽ കത്തുനൽകി. ഇതുപ്രകാരം രണ്ട് പൊലീസുകാരെ സ്‌കൂളിൽ ഡ്യൂട്ടിക്കിടുകയും ചെയ്‌തു. തിങ്കളാഴ്ച രാവിലെ 9.30ഓടെ കലാമത്സരങ്ങൾ ആരംഭിച്ചപ്പോൾ തന്നെ വിദ്യാർത്ഥികളിൽ ചിലർ കൂക്കിവിളിക്കുകയും കലോത്സവം നടക്കുന്ന വേദിക്കു സമീപം പടക്കമെറിയുകയും ചെയ്‌തു. കൂടുതൽ പൊലീസെത്തി സംഘർഷം ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെയാണ് വിദ്യാർത്ഥികളും പൊലീസുമായി കൈയാങ്കളി ഉണ്ടായത്. സംഘർഷത്തിൽ വർക്കല പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ അൽഅമീൻ, പൊലീസുകാരായ ജിജിൻ, ഷിറാസ് എന്നിവർക്കാണ് പരിക്കേറ്റത്. ചൈൽഡ് പ്രൊട്ടക്‌ഷൻ ലീഗൽ കം പ്രൊബേഷൻ ഓഫീസർ അനീഷയുടെ നേതൃത്വത്തിലുള്ള സംഘം സ്‌കൂളിലും ആശുപത്രിയിലുമെത്തി തെളിവ് ശേഖരിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് വർക്കലയിൽ പ്രതിഷേധ മാർച്ച് നടത്തുകയും സ്റ്റേഷൻ ഉപരോധിക്കുകയും ചെയ്‌തു. ആറ്റിങ്ങൽ ഡിവൈ.എസ്.പി സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്റിച്ചു. കൃത്യനിർവഹണം തടസപ്പെടുത്തിയതിനും കൈയേറ്റം ചെയ്യാൻ ശ്രമിച്ചതിനും വിദ്യാർത്ഥികൾക്കെതിരെ പൊലീസ് കേസെടുത്തു. വി. ജോയി എം.എൽ.എ, വിവിധ സംഘടനാ പ്രതിനിധികൾ തുടങ്ങിയവരും പരിക്കേറ്റ വിദ്യാർത്ഥികളെ സന്ദർശിച്ചു. സ്‌കൂൾ വിദ്യാർത്ഥികളെ പൊലീസ് മർദ്ദിച്ച സംഭവത്തിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് എം.എൽ.എ പറഞ്ഞു.