നെയ്യാറ്റിൻകര: എൽ.ഡി.എഫ് പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്‌ത മാലിന്യ സംസ്‌കരണ പ്ലാന്റും ഇലക്ട്രിക് ശ്‌മശാനവും യാഥാർത്ഥ്യമാക്കാത്ത കൗൺസിൽ ഭരണം പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് ഡി.സി.സി ജനറൽ സെക്രട്ടറി ജോസ് ഫ്രാങ്ക്ലിൻ, നഗരസഭാ കോൺഗ്രസ് പാർലമെന്ററി പാർട്ടി ഉപനേതാവ് ഗ്രാമം പ്രവീൺ എന്നിവരുടെ നേതൃത്വത്തിൽ ശവപ്പെട്ടിയുമായി കൗൺസിൽ ഹാളിൽ തള്ളിക്കയറാൻ ശ്രമിച്ചത് സംഘർഷത്തിൽ കലാശിച്ചു. ഇന്നലെ രാവിലെ 10ഓടെയാണ് നെയ്യാറ്റിൻകര നഗരസഭാ കൗൺസിൽ ഹാളിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയത്. കോൺഗ്രസ് പ്രവർത്തകരും യു.ഡി.എഫ് അംഗങ്ങളും ശവപ്പെട്ടിയുമായി കൗൺസിൽ ഹാളിന് മുന്നിൽ മുദ്രാവാക്യങ്ങളുമായി നിലയുറപ്പിച്ചതോടെ പിൻവാതിൽ വഴി നഗരസഭാ ചെയർപേഴ്സൺ ഡബ്ളിയു.ആർ. ഹീബയും എൽ.ഡി.എഫ് അംഗങ്ങളും അകത്തുകയറി. തുടർന്ന് പൊലീസെത്തി പ്രകടനം നടത്തിയ കോൺഗ്രസ് പ്രവർത്തകരെ കൗൺസിൽ ഹാളിൽ നിന്നു പുറത്താക്കുകയായിരുന്നു. യു.ഡി.എഫ് കൗൺസിലർമാരായ ഗ്രാമം പ്രവീണും പുന്നക്കാട് സജുവും ചെയർപേഴ്സന്റെ കാബിനിൽ പ്ലക്കാർഡുമായി കയറി പൊലീസിനെ കൗൺസിൽ ഹാളിൽ നിന്നു പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് പൊലീസ് പിൻവാങ്ങി. ഇതിനിടെ കൗൺസിൽ യോഗം തടസപ്പെടുത്തിയ രണ്ട് കൗൺസിലർമാരെയും സസ്‌പെൻഡ് ചെയ്യണമെന്ന് എൽ.ഡി.എഫ് അംഗങ്ങളും ആവശ്യപ്പെട്ടു. ഇതോടെ ഹാളിനുള്ളിൽ ഭരണ - പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ ഉന്തുംതള്ളും അടിപിടിയുമായി. ടൗൺ ചുറ്റി പ്രകടനം നടത്തിയ കോൺഗ്രസ് പ്രവർത്തകർ ശവപ്പെട്ടിയുമായി തിരികെയെത്തി കൗൺസിൽ ഹാളിന് മുമ്പിൽവച്ച് കത്തിച്ചു. പൊലീസെത്തി പ്രതിഷേധക്കാരെ അറസ്റ്റുചെയ്‌തു നീക്കി. പ്രകടനത്തിന് മുൻ ചെയർപേഴ്സൺ പ്രിയംവദ, മുൻ ചെയർമാൻ ടി. സുകുമാരൻ, എസ്.പി. സജിൻലാൽ തുടങ്ങിയവർ നേതൃത്വം നൽകി.