വെമ്പായം: വെമ്പായം കൃഷിഭവൻ ചോർന്നൊലിച്ചിട്ടും നടപടി എടുക്കാതെ അധികൃതർ. കൃഷി ഓഫീസ് സ്ഥിതി ചെയ്യുന്ന ടെറസ് കെട്ടിടം ചോർന്നൊലിക്കുകയും പ്രവർത്തനം തുടരാൻ സാദ്ധ്യമല്ലാത്ത സാഹചര്യം വന്നതോടെ കെട്ടിടത്തിൽ മേൽക്കൂര നിർമ്മിച്ചിരുന്നു. ഇപ്പോൾ ആ മേൽക്കൂരയും തകർന്നു വീണു. മഴ പെയ്താൽ ഓഫീസിനകം വെള്ളക്കെട്ടാണ്. ഇവിടെ നിന്നുകൊണ്ടാണ് ജീവനക്കാർ ജോലി ചെയ്യുന്നത്. കെട്ടിടം ചോർന്നൊലിയ്ക്കുന്നത് കാരണം ഇവിടെ പ്രവർത്തനം തുടരാൻ സാദ്ധ്യമല്ലാത്ത സാഹചര്യമാണ്.
മേൽക്കൂരയുടെ ഒരു ഭാഗം നിലത്തേക്ക് വീണു. മേൽക്കൂരയിലെ വിടവിലൂടെ ഇറങ്ങുന്ന മഴവെള്ളം ടെറസിൽ കെട്ടി നിൽക്കുകയും ഓഫിസിലെ ചുവരുകളിൽ കൂടി ഇറങ്ങുകയും ചെയ്യുന്നു. ഓഫിസിനുള്ളിൽ ശക്തമായ ചോർച്ചയുമുണ്ട്. ഓഫിസിനുള്ളിൽ ഫയലുകൾ പോലും സൂക്ഷിക്കാൻ കഴിയാത്ത നിലയിലാണ്.
ഓഫിസ് പ്രവർത്തിക്കുന്നത് ചെറിയ മുറികൾ ആയതിനാൽ ഇവിടെ എത്തുന്ന കർഷകരെ മുഴുവൻ ഉൾക്കൊള്ളാൻ ഓഫിസിനു കഴിയുന്നുമില്ല. കർഷകർക്ക് വേണ്ട ക്ലാസുകളും മറ്റും എടുത്തിരുന്നത് ടെററസിലായിരുന്നു. മേൽക്കൂര ഇട്ടതോടെ അതും ബുദ്ധിമുട്ടിലായി.വിവിധ ആവശ്യങ്ങൾക്കായി ഓഫിസിൽ എത്തുന്നവർക്കും ജീവനക്കാർക്കും ഉപയോഗിക്കാൻ ഇവിടെ രണ്ടു ടൊയ്ലെറ്റുകളാണ് ഉള്ളത്. അതും ഇപ്പോൾ ഉപയോഗ ശൂന്യമാണ്. ടൊയ്ലെറ്റുകളും മേൽക്കൂരയും ശരിയാക്കി തരണം എന്ന്‍ പഞ്ചായത്ത് അധികൃതരോട് നിരന്തരം ആവശ്യപ്പെട്ടിട്ടും ഇതുവരെ തിരിഞ്ഞു നോക്കിയിട്ടില്ലെന്ന് ജീവനക്കാർ പറയുന്നു.