വെഞ്ഞാറമൂട്: അഡ്വ. വെഞ്ഞാറമൂട് രാമചന്ദ്രൻ സ്മാരക സംസ്ഥാനതല പ്രൊഫഷണൽ നാടക മത്സരവും, അനുബന്ധ സമ്മേളനങ്ങളും നവംബർ 23 മുതൽ ഡിസംബർ 1 വരെ വെഞ്ഞാറമൂട്ടിൽ നടക്കും. നാടക മത്സരം മാണിക്കോട് ശ്രീ മഹാദേവ ക്ഷേത്ര ഓഡിറ്റോറിയ യത്തിലും, സെമിനാറുകൾ സ്വരാജ് ഭവൻ ഹാളിലും, സമാപന സമ്മേളനം വെഞ്ഞാറമൂട് റാസ് ഓഡിറ്റോറിയത്തിലുമായാണ് വേദികൾ സജ്ജീകരിച്ചിരിക്കുന്നത്. ദൃശ്യ ഫൈനാൻസ് സൊസൈറ്റിയും, നെഹ്റു യൂത്ത് സെന്ററും സംയുക്തമായാണ് പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. പരിപാടികളുടെ സുഗമമായ നടത്തിപ്പിനായുള്ള സ്വാഗത സംഘം രൂപികരണം വെഞ്ഞാറമൂട് സ്വരാജ്ഭവനിൽ ഡി.കെ. മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. അബു ഹസൻ അദ്ധ്യക്ഷനായിരുന്നു. കെ. മീരാസാഹിബ്, ബിനു.എസ്.നായർ, ജഗജീവൻ, എസ്. അനിൽ ശശികുമാർ തുടങ്ങിയവർ പങ്കെടുത്തു. സംഘാടക സമിതി ചെയർമാനായി ഡി.കെ. മുരളി എം.എൽ.എയെയും, ജനറൽ കൺവീനറായി അബു ഹസനെയും രക്ഷാധികാരികളായി അടൂർ പ്രകാശ് എം.പി, തലേക്കുന്നിൽ ബഷീർ, കോലിയക്കോട് എൻ.കൃഷ്ണൻ നായർ, രമണി പി.നായർ, ഇ. ഷംസുദ്ദീൻ, കെ. മീരാസാഹിബ് എന്നിവരെ തിരഞ്ഞെടുത്തു.